
കാസർകോട്: പ്രായപൂർത്തിയാകാത്ത ബാലനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ റിമാൻഡ് പ്രതി ചെമ്മനാട് ദേളി കുന്നുപാറ സ്വദേശി മുബഷീർ (30) കാസർകോട് സബ് ജയിലിൽ മരിച്ചു. ഇയാളെ സഹതടവുകാർ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ജയിൽ വകുപ്പും അന്വേഷണം തുടങ്ങി.
ജയിലിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ 5.30ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം. രണ്ടു ദിവസം മുമ്പ് മാതാവ് ഹാജിറ ജയിലിലെത്തി മുബഷീറിനെ കണ്ടിരുന്നു. തന്നെ സഹതടവുകാർ മർദ്ദിക്കുന്നുവെന്നും ജയിൽ അധികൃതർ തനിക്ക് ദിവസവും ഗുളിക നൽകുന്നുവെന്നും ജയിലിൽ കഴിയാൻ പറ്റാത്ത സാഹചര്യമാണെന്നും മുബഷീർ മാതാവിനോട് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. മുബഷീറിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഒൻപത് വർഷം ഗൾഫിൽ ജോലി ചെയ്ത മുബഷീർ രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. പിന്നാലെ 2016ലെ പോക്സോ കേസിൽ നവംബർ 5നാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. മുബഷീറിന്റെ പിതാവ് കുഞ്ഞബ്ദുള്ള കഴിഞ്ഞ മാർച്ചിൽ ശ്വാസകോശ രോഗത്തെ തുടർന്ന് മരിച്ചു. നാല് സഹോദരന്മാരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |