
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്‌പിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്. നാഷണൽ ഗാർഡ്സ് അംഗങ്ങൾക്കാണ് വെടിയേറ്റത്. ഇവരുടെ തലയ്ക്കാണ് വെടിയേറ്റത്. സൈനികരിൽ ഒരാൾ സ്ത്രീയാണ്. വെസ്റ്റ് വെർജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
വെടിവയ്‌പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്. അക്രമി നേരെയെത്തി വെടിവയ്ക്കുകയായിരുന്നു. അക്രമിയെ കസ്റ്റഡിയിൽ എടുത്തതായി ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ കാഷ് പട്ടേൽ വിശദമാക്കി. 2021ൽ അമേരിക്കയിൽ എത്തിയ 29 കാരനായ അഫ്ഗാൻ പൗരനാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസിന് സമീപമുള്ള മെട്രോ സ്റ്റോപ്പിലാണ് വെടിവയ്പുണ്ടായത്. പത്ത് മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്.
ആക്രമണം നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കെന്റക്കിയിലുമായിരുന്നു. സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസിന് കൂടുതൽ സുരക്ഷയൊരുക്കുന്നതിന് 500 നാഷണൽ ഗാർഡ് അംഗങ്ങളെക്കൂടി വിന്യസിക്കാൻ ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. ഇത് ലക്ഷ്യംവച്ചുള്ള ആക്രമണമാണമാണെന്നാണ് വാഷിംഗ്ടൺ മേയർ മുറിയൽ ബൗസർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |