പീരുമേട്: രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത കോഴിക്കാനം- ഹെലിബെറിയ റോഡ് വീണ്ടും തകർന്നു. ഏലപ്പാറയിൽ നിന്ന് കോഴിക്കാനം, ഹെലിബറിയാ വഴി വണ്ടിപ്പെരിയാർ, കുമളിയിലേക്ക് പോകുന്ന റോഡാണ് തകർന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയമാണ് ഈ റോഡ്. 2019ലാണ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം റോഡ് ടാറിങ് ചെയ്ത് നവീകരിച്ചത്. തുടർന്ന് റോഡിന്റെ തകർന്ന ഭാഗങ്ങൾ പലതവണ അറ്റകുറ്റപ്പണികൾ ചെയ്തു. അവസാനം രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഈ റോഡിന്റെ വിവിധ ഭാഗങ്ങൾ ടാറിങ് ചെയ്ത് നവീകരിച്ചത്. എന്നാൽ നാളുകൾക്കുള്ളിൽ ഇത് വീണ്ടും മെറ്റലും ടാറിംഗും ഇളകി മുമ്പത്തെ പോലെ ആയി. റോഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുണ്ടായ അപാകതയാണ് ഈ റോഡ് വീണ്ടും വളരെ വേഗം തകരാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പല ഭാഗങ്ങളും വലിയ തോതിൽ തകർന്നിട്ടുണ്ട്. ആറോളം ബസുകൾ സർവീസ് നടത്തുന്ന റോഡ് കൂടിയാണ് ഇത്. അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |