പത്തനംതിട്ട: ബി.ജെ.പി മുതിർന്ന നേതാവ് കുമ്മനം രാജശേഖരന് സീറ്റ് നിഷേധിച്ചതിന് കാരണം ഗ്രൂപ്പിസമല്ലെന്ന് കോന്നിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ പറഞ്ഞു. ഗ്രൂപ്പിസമാണെന്ന ആരോപണം ശരിയല്ലെന്നും വട്ടിയൂർക്കാവിൽ യുവ സ്ഥാനാർത്ഥി മത്സരിക്കുന്നതിൽ അതിന്റേതായ സാഹചര്യങ്ങളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് എൻ.ഡി.എയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾ പരത്തിയതു കൊണ്ടാണ് പരാജയം നേരിടേണ്ടി വന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ല എന്ന പ്രചാരണം എൻ.ഡി.എയ്ക്ക് പ്രതികൂലമായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ ആയിരുന്നു വിജയിപ്പിക്കേണ്ടിയിരുന്നത് എന്ന ധാരണ ജനങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് തികച്ചും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്"-അദ്ദേഹം പറഞ്ഞു.
ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയിൽ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ തനിക്ക് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോന്നി മണ്ഡലത്തിൽ മൂന്നു മുന്നണികൾക്കും ലഭിച്ച വോട്ടുനില ഏകദേശം തുല്യമായിരുന്നുവെന്നും ഈ തിരഞ്ഞെടുപ്പിൽ അനുകൂലനിലയാണുള്ളതെന്നും സുരേന്ദ്രൻ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമെന്ന് മുതിർന്ന നേതാവ് ഒ. രാജഗോപാൽ തന്നെ പറയുകയും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇന്നലെ രാവിലെ കുമ്മനം വ്യക്തമാക്കുകയും ചെയ്ത ശേഷമാണ് അപ്രതീക്ഷിതമായി വട്ടിയൂർക്കാവിലേക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം എസ്. സുരേഷിനെ നിർദ്ദേശിച്ചത്. ആർ.എസ്.എസ് വലിയ സമ്മർദ്ദം ചെലുത്താതിരുന്നതും കുമ്മനം മത്സരിക്കുന്നതിനെ ചൊല്ലി രണ്ട് അഭിപ്രായങ്ങൾ സംസ്ഥാന പാർട്ടിക്കകത്തു തന്നെ ഉയർന്നതുമെല്ലാമാണ് കേന്ദ്രനേതൃത്വത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്.
മത്സരിക്കാനില്ലെന്ന് തുടക്കത്തിലേ കുമ്മനം വ്യക്തമാക്കിയതായിരുന്നു. എന്നാൽ, ബി.ജെ.പി ജില്ലാ നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിനു മേൽ സമ്മർദ്ദമുണ്ടായി.ആ സ്ഥിതിക്ക് കുമ്മനം മത്സരിക്കുന്നില്ലെങ്കിൽ എതിർക്കില്ലെന്ന് ആർ.എസ്.എസ് നേതൃത്വവും നിലപാടെടുത്തു. അങ്ങനെയെങ്കിൽ കോന്നിയിൽ കെ. സുരേന്ദ്രൻ വരട്ടെയെന്ന താത്പര്യവും ആർ.എസ്.എസ് ഘടകമെടുത്തു. നേരത്തേയും കോന്നിയിൽ സുരേന്ദ്രന്റെ പേരിന് പ്രാമുഖ്യം കിട്ടിയിരുന്നെങ്കിലും അദ്ദേഹം വിമുഖത അറിയിച്ച് നിൽക്കുകയായിരുന്നു.
ആർ.എസ്.എസ് താത്പര്യം പുറത്തുവന്നതോടെ സംസ്ഥാനനേതൃത്വത്തിൽ നിന്ന് കൂടുതൽ സമ്മർദ്ദമുണ്ടായി. അദ്ദേഹത്തെ ഒന്നാമത്തെ പേരുകാരനായി ഉൾപ്പെടുത്തി കേന്ദ്രത്തിന് പട്ടികയും കൈമാറി. ഇതോടെ സുരേന്ദ്രനു തന്നെ നറുക്ക് വീണു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ മികച്ച പ്രകടനവും പരിഗണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |