കാശ് സമ്പാദിച്ച് സമ്പാദിച്ച് പണക്കാരനാകാമെന്ന് കരുതിയാൽ മൂത്തു നരച്ച് കുഴിയിൽ പോകത്തേയുള്ളൂ,. അതുകൊണ്ടാണ് കിട്ടുന്ന കാശ് കൂട്ടിവെച്ച് പലരും കുതിര കളിക്കുന്നത്. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി. അത്രേയുള്ളൂ. കിലുക്കത്തിലെ ജഗതിയുടെ ഫിലാസഫിയാണിത്. ഓരോ ഇടത്തരക്കാരന്റെയും മനോഗതിയും ഇതാണ്. ചെറിയ ചെറിയ സമ്പാദ്യം കൊണ്ട് എന്താകാനെന്നാണ് പലരുടെയും ചിന്താഗതി.
ചെലവ് നിയന്ത്രിക്കണം
ചെലവ് നിയന്ത്രിക്കാൻ ആദ്യം മനസിനെ വരുതിയിലാക്കണം. സ്വന്തം മനസും കുടംബാംഗങ്ങളുടെ മനസും ഇതിനായി പാകപ്പെടുത്തണം. പിശുക്കല്ല വേണ്ടത്. ചെലവ് നിയന്ത്രിക്കാൻ പിശുക്ക് കാട്ടിയാൽ ആരും കൂടെയുണ്ടാകില്ല. ഭാവനാപൂർണമായ തീരുമാനങ്ങളും ചിട്ടയായ ജീവിത ശൈലിയുമാണ് ഇതിനാവശ്യം. എല്ലാ സുഖങ്ങളും ആനന്ദവും അനുഭവിച്ചും ആസ്വദിച്ചും തന്നെ ജീവിതം ചിട്ടയാക്കാം. സാമ്പത്തിക അച്ചടക്കമാണ് സമ്പത്തിലേക്കുള്ള പാത സുഗമമാക്കുന്നത്. സമ്പത്തുണ്ടാക്കാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. ബഹുഭൂരിപക്ഷത്തിനും ജീവിച്ചുപോകാനുള്ളതു കാശ് മതിയെന്നാണ് ആഗ്രഹം. നന്നായി ജീവിക്കാനും കുടുംബത്തിന് സന്തോഷം പകരാനുമാണ് ഇക്കൂട്ടർ സമ്പത്ത് ആഗ്രഹിക്കുന്നത്. ചിലർക്ക് സമ്പത്ത് പാരമ്പര്യമായികിട്ടുന്നു. ബഹുഭൂരിപക്ഷത്തിനുമത് അദ്ധ്വാനിച്ചുണ്ടാക്കണം.
എങ്ങനെ പണമുണ്ടാക്കാം
അദ്ധ്വാനത്തിലൂടെ സമ്പത്തുണ്ടാക്കാൻ ബിസിനസോ വ്യവസായമോ ആരംഭിക്കാം. എന്നാലത് ലോകത്തെ ഏറ്റവും നഷ്ടസാദ്ധ്യതയുള്ള ഏർപ്പാടാണ്. തുടങ്ങുന്നതിൽ 99 ശതമാനവും പരാജയപ്പെട്ടേക്കും. പ്രൊഫഷണലുകൾ, സ്‌പോർട്ട്‌സ് താരങ്ങൾ, കലാകാരന്മാർ എന്നിവർക്കും പണമുണ്ടാക്കാൻ സാധിക്കും. പക്ഷേ അതിന് നൈസർഗികമായ കഴിവ് വേണം. പഠിച്ച് ഡോക്ടർമാരും എൻജിനീയർമാരും വക്കീലന്മാരും ചാർട്ടേർഡ് അക്കൗണ്ടന്റുമാരുമാകാം. ഇതിനൊന്നും കഴിയാത്തവർ എന്തുചെയ്യും. ബിസിനസിന് വലിയ വിറ്റുവരവുണ്ടെങ്കിലും ലാഭം ഇല്ലെങ്കിൽ പാളും. ജോലിക്കാർക്ക് എത്ര വലിയ വരുമാനമോ ശമ്പളമോ കിട്ടിയാലും മിച്ചം പിടിച്ചാലേ കാര്യമുള്ളൂ. കിട്ടുന്ന വരുമാനമല്ല, ചിലവുകളെല്ലാം കഴിഞ്ഞുള്ള ലാഭം അല്ലെങ്കിൽ സമ്പാദ്യമാണ് സമ്പത്തിലേക്കുള്ള വഴി തുറക്കുന്നത്. ലാഭമുണ്ടാക്കാൻ ബിസിനസുകാരും പ്രൊഫഷണലുകളും വിദഗ്ധരുടെ സേവനം തേടും. ശമ്പളക്കാർ സ്വയം ചെയ്യണം.
സമ്പത്തിലേക്കുള്ള വഴി
ശമ്പളം അഥവാ വരുമാനത്തിൽ നിന്ന് ബുദ്ധിപൂർവ്വം മിച്ചം പിടിക്കുമ്പോഴാണ് സമ്പത്തിലേക്ക് വഴി തുറക്കുന്നത്. പ്രതിമാസം മിച്ചം പിടിക്കുന്ന ഈ തുകയാണ് ഭാവി ജീവിതത്തിനുള്ള ആസ്തി. അല്ലെങ്കിൽ കുടുംബത്തിന് സന്തോഷം നൽകാനുള്ള ഉപാധി. ലഭിക്കുന്ന വരുമാനമല്ല കുടുംബത്തിന് സന്തോഷം നൽകുക. വരുമാനത്തിൽ നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യമാണ് സമ്പത്തുണ്ടാക്കാനുള്ള ഏക ഉപാധി. വരവ് കൂടുംതോറും കൂടുന്ന പ്രതിഭാസമാണ് ചിലവ്. വരവ് കൂടുകയും ചിലവ് കുറയുകയും ചെയ്യുമ്പോൾ സമ്പാദ്യം ഉയരും. വരവും ചിലവും തുലനം ചെയ്ത് മാസാമാസം ഒരു നിശ്ചിത തുക മിച്ചം പിടിച്ച് വിവിധ പദ്ധതികളിൽ നിക്ഷേപിക്കുകയെന്നതാണ് ശമ്പള വരുമാനക്കാർക്ക് സമ്പത്തുണ്ടാക്കാനുള്ള മാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |