തിരുവനന്തപുരം: ലോക പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥം ശുദ്ധീകരിക്കാൻ ശാസ്ത്രീയ പദ്ധതി. അടുത്തമാസം ആരംഭിച്ച് ആറുമാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി കേന്ദ്രസർക്കാർ സ്ഥാപനമായ പാപ്പനംകോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജിയാണ് (നിസ്റ്റ് ) ആവിഷ്കരിച്ചത്.
ക്ഷേത്രഭരണ സമിതിയാണ് പദ്മതീർത്ഥത്തിലെ മലിനീകരണത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ പദ്ധതി നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി നിസ്റ്റിലെ ശാസ്ത്രജ്ഞർ ക്ഷേത്രക്കുളത്തിലെ ജലത്തിന്റെ സാമ്പിളുകളും മലിനീകരണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചും വിശദമായ പഠനം നടത്തുകയായിരുന്നു.
പദ്മതീർത്ഥത്തിൽ നടപ്പാക്കുന്ന പ്രകൃതി അധിഷ്ഠിത ശുദ്ധീകരണ സംവിധാനം ഉത്തരേന്ത്യയിലെ നിരവധി ക്ഷേത്രക്കുളങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതാണ്.
കേരളത്തിൽ ആദ്യമായാണ് നടപ്പാക്കുന്നത്. ഇവിടെ വിജയിച്ചാൽ നദികളുടെ ശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്താനുള്ള രീതിയിൽ പദ്ധതി പുനരാവിഷ്കരിക്കുമെന്ന് നിസ്റ്റിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സംസ്കരിക്കാൻ കഴിയാതെ മാലിന്യം
------------------------------------------------------
മൂന്നേക്കർ വിസ്‌തൃതിയുള്ള പദ്മതീർത്ഥത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ കഴിയാത്തതാണ് ജലം ദുർഗന്ധപൂരിതമാകാൻ കാരണം. മത്സ്യങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിവിധതരം പായലുകളും പൂപ്പലുകളും വളരെ വേഗത്തിലാണ് വളരുന്നത്. ഇവ ചീഞ്ഞുണ്ടാകുന്ന മാലിന്യവും ദുർഗന്ധവും പ്രതിസന്ധിയാണെന്നാണ് നിസ്റ്റിന്റെ കണ്ടെത്തൽ.
പദ്ധതി ഇങ്ങനെ
-----------------------------------------
കുളത്തിലെ ചെളിക്കെട്ട് പ്രകൃതിദത്തമായ തരത്തിൽ തന്നെ സംസ്‌കരിക്കാൻ കൃത്രിമമായ ജൈവ ആവരണം തീർക്കും. രാമച്ചം തുടങ്ങിയ ആയുർവേദ സസ്യങ്ങൾ ഉപയോഗിച്ചാണിത് ചെയ്യുക. ഇതിനുശേഷം ക്ഷേത്രക്കുളത്തിന് ചുറ്റും ജലശുദ്ധീകരണത്തിനും വന്നുചേരുന്ന മാലിന്യങ്ങൾ തടഞ്ഞ് വേർതിരിക്കാനും പ്രത്യേക ജൈവ അരിപ്പകൾ സ്ഥാപിക്കും. ഇതുവഴി കുളത്തിലെ നിശ്ചിത ശതമാനം ജലവും ചെളിയും ദിവസവും ശുദ്ധീകരിക്കും. ഒരു നിശ്ചിത ദിവസത്തിനുള്ളിൽ വെള്ളം പൂർണമായും ശുദ്ധമാകും. അതിനുശേഷം അത് നിലനിറുത്താനുള്ള അടുത്തഘട്ടം നടപ്പാക്കും.
പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്
25 മുതൽ 50 ലക്ഷം വരെ
ഒടുവിൽ നവീകരിച്ചത് 2018ൽ
ഏറ്റവുമൊടുവിലായി 2018ലാണ് കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി 5.96 കോടി രൂപ ചെലവഴിച്ച് പദ്മതീർത്ഥം നവീകരിച്ചത്. അതിന് മുമ്പ് 2014ലും സുപ്രീംകോടതി നിർദ്ദേശ പ്രകാരം നവീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |