തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ സി.പി.എം നേതാവ് എ. പത്മകുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയെ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തു. ഇതോടെ പത്മകുമാറും അന്നത്തെ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസും എൻ.വിജയകുമാറും പൊലീസ് നടപടികൾ നേരിടേണ്ടിവരും.
എഫ്. ഐ.ആറിൽ ഇവരുടെ പേരുകൾ എടുത്തുപറഞ്ഞിട്ടില്ല. പ്രതിപ്പട്ടികയിൽ എട്ടാംസ്ഥാനത്താണ് ഭരണ സമിതി. ശങ്കരദാസ് സി.പി.ഐയുടേയും വിജയകുമാർ സി.പി.എമ്മിന്റെയും പ്രതിനിധികളാണ്. ശ്രീകോവിലിലെ കട്ടിളയിലെ സ്വർണം അപഹരിച്ച സംഭവത്തിലാണ് ഇവർ പ്രതികളായത്. ദ്വാരപാലകശില്പങ്ങളിലെ സ്വർണാപഹരണത്തിൽ ഇവരെ പ്രതികളാക്കിയിട്ടില്ല.
രാഷ്ട്രീയ നേതാക്കൾ മാത്രമടങ്ങിയ ബോർഡ് പ്രതിസ്ഥാനത്ത് വന്നതോടെ, സർക്കാരും ഇടതു മുന്നണിയും വിളറിവെളുത്ത അവസ്ഥയിലാണ്.
ക്രമക്കേടിൽ ബോർഡ് അംഗങ്ങൾക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിവരുമെന്നു മാത്രമല്ല, അറസ്റ്റിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണമായതിനാൽ മുൻകൂർ ജാമ്യത്തിനായി സമീപിക്കുന്നത് തിരിച്ചടിയാവുമെന്ന് പ്രതികൾക്ക് ആശങ്കയുണ്ട്.
2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറേണ്ടത് സ്വർണംപൊതിഞ്ഞ ചെമ്പുപാളികൾ എന്ന് എക്സിക്യൂട്ടീവ് ഓഫീസർ ബാേർഡിന്റെ അനുമതിക്കായി നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, ചെമ്പുപാളികൾ കൈമാറാൻ അനുമതി നൽകിയാണ് ഈ ഭരണ സമിതി ഉത്തരവ് ഇറക്കിയത്. ഉത്തരവ് ഇറക്കുന്നതിനു മുമ്പ് ദേവസ്വം കമ്മിഷണർ ചെമ്പുപാളികൾ എന്ന് പരാമർശിക്കുന്ന കത്ത് ഭരണ സമിതിക്കു കൈമാറി അതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു . സ്വർണം കവരാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് അന്വേഷണ സംഘം കരുതുന്നു. സ്വർണപാളികളും സ്വർണക്കട്ടിളയും കൊണ്ടുപോയ രണ്ടു കേസിലുമായി ഉണ്ണികൃഷ്ണൻ പോറ്റിഒന്നാം പ്രതിയും വിരമിച്ചവരടക്കം ഒൻപത് ദേവസ്വം ഉദ്യോഗസ്ഥർ കൂട്ടുപ്രതികളുമാണ്.
ഉത്തരവിന് ബോർഡിന്റെ അനുമതി
2013ൽ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം ബോർഡിന്റെ അനുമതിയോടെ ദേവസ്വം സെക്രട്ടറി ഉത്തരവുകൾ പുറപ്പെടുവിക്കണം. അതുകൊണ്ടാണ് എഫ്. ഐ.ആറിൽ പ്രതിസ്ഥാനത്ത് ഭരണസമിതി വന്നത്. ഇതോടെ ഒന്നും അറിഞ്ഞില്ലെന്ന ബോർഡ് അംഗങ്ങളുടെ നല്ലപിള്ള ചമയൽ പാളി.
ദേവസ്വം ബോർഡിന് വേണ്ടി ഇറക്കിയതെന്ന് വ്യക്തമായി രേഖപ്പെടുത്തിയ അന്നത്തെ സെക്രട്ടറി എസ്.ജയശ്രീയുടെ ഓർഡർ പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. ജയശ്രീയും പ്രതിയാണ്.
പ്രതികൾക്ക് അന്യായലാഭവും തിരുവിതാംകൂർ ദേവസ്വംബോർഡിന് അന്യായനഷ്ടവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ശബരിമല ശ്രീകോവിൽ വാതിൽ കട്ടിളയിൽ പതിച്ചിരുന്ന സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |