തിരുവനന്തപുരം: വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. ആറാഴ്ചയ്ക്കുളളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സത്യസന്ധമായ അന്വേഷണമാണ് സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
'യഥാർത്ഥത്തിൽ റിപ്പോർട്ടിനെ സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ല. 2019ലെ ദേവസ്വം ബോർഡിലെ പ്രസിഡന്റിന്റെയും അംഗത്തെയും എന്തിന് പ്രതിചേർത്തുവെന്നും എനിക്കറിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇപ്പോൾ സത്യസന്ധമായ അന്വേഷണം നടക്കുകയാണ്. അന്വേഷണം ആറാഴ്ചയ്ക്കുളളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. യഥാർത്ഥ പ്രതികളെ ഉറപ്പായിട്ടും അന്വേഷണസംഘം കണ്ടെത്തും'- കടകംപളളി സുരേന്ദ്രൻ പറഞ്ഞു.
2019ലെ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുൻ ദേവസ്വം ബോർഡ് അംഗമായ എൻ വിജയ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'തെറ്റായ ഒരു തീരുമാനവും അന്നെടുത്തിട്ടില്ല. സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ല. തന്ത്രിയുടെയും തിരുവാഭരണ കമ്മീഷണറുടെയും അനുമതിയോടെയാണ് എല്ലാ കാര്യങ്ങളും നടന്നിട്ടുള്ളത്'-അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ സ്വർണം ഉരുക്കിയെടുത്ത ചെന്നൈയിലെ സ്ഥാപനമായ സ്‌മാർട്ട് ക്രിയേഷൻസിലും കൂടുതൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘമെത്തി. ഞായറാഴ്ച ആയതിനാൽ ഇന്ന് അവധിയാണെന്ന് കമ്പനി ഉദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സ്‌പോൺസറായ ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |