കൊൽക്കത്ത: എംബിബിഎസ് രണ്ടാം വർഷ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അപു ബൗരി (21), ഫിർദോസ് സെഖ് (23), സെഖ് റിയാജുദ്ദീൻ (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഒഡീഷയിലെ ജലേശ്വര സ്വദേശിനിയായ വിദ്യാർത്ഥിനി ആൺസുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ കോളേജിന്റെ ഗേറ്റിന് സമീപം ചിലർ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.
വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി ആൺസുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്ത് പോയതാണ് യുവതി. കോളേജ് ഗേറ്റിനടുത്ത് വച്ച് മൂന്ന് പേരടങ്ങിയ സംഘം പിന്തുടർന്നതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. യുവതി ഓടിയെങ്കിലും അക്രമികൾ പിടികൂടി വനപ്രദേശത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം തിരികെ നൽകാൻ 3000 രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലും ഞെട്ടലിലുമാണ് യുവതിയെന്ന് അധികൃതർ അറിയിച്ചു.സംഭത്തിൽ കോളേജ് പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യാർത്ഥിനി ചികിത്സയിലാണെന്നും കൗൺസിലിംഗ് ഉൾപ്പടെയുള്ള നൽകുമെന്നും പശ്ചിമ ബംഗാൾ വനിതാ - ശിശു വികസന മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശശി പഞ്ച പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടി. സംഭവത്തെത്തുടർന്ന് സംസ്ഥാനമൊട്ടാകെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |