കൊല്ലം: 68ാം വയസിൽ ഡോക്ടറേറ്റ് നേടിയ ആഹ്ളാദത്തിലാണ് കൊല്ലം തങ്കശേരി സ്വദേശി ഷാർലറ്റ് ഡിക്സൺ. കൗൺസലിംഗ് സൈക്കോളജിയിലാണ് ഡോക്ടറേറ്റ്. മൂന്ന് ബിരുദാനന്തര ബിരുദവും എം ഫില്ലും സ്വന്തമാക്കിയ ഷാർലറ്റ് മേഘാലയയിലെ മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ 2021ലാണ് ഗവേഷണം തുടങ്ങിയത്.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. പിന്നീട് ബി.എഡ് പൂർത്തിയാക്കി അദ്ധ്യാപനത്തിലേക്ക് കടന്നു. കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂളിലാണ് അദ്ധ്യാപനം തുടങ്ങിയത്. 2011 ൽ ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിച്ചു. വർഷങ്ങളോളം കെമിസ്ട്രി പഠിപ്പിച്ച ഷാർലറ്റ് അൻപതാം വയസിൽ വീണ്ടും പഠനം തുടങ്ങി. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി. 2015ൽ മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി പൂർത്തിയാക്കി. 2016ൽ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്തിൽ എം.ഫിൽ ബിരുദം. 2019ൽ ഇഗ്നോയിൽ നിന്ന് എം.എസ്‌സി കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി ബിരുദം.
2012 മുതൽ കൗൺസലിംഗ് രംഗത്ത് സജീവമായ ഷാർലറ്റ് 2017 മുതൽ കൊല്ലം നവ്ദീപ് പബ്ലിക് സ്കൂളിൽ അക്കാഡമിക് കൗൺസലറാണ്. ഓൺലൈനായി ഇപ്പോഴും സൈക്കോളജി സംബന്ധമായ ഹ്രസ്വകാല കോഴ്സുകൾ ചെയ്യുന്നുണ്ട്.
തങ്കശേരി ഷെസിൽ വീട്ടിൽ പ്രവാസിയായ ഡിക്സൺ സക്കറിയയാണ് ഭർത്താവ്. മക്കൾ പരേതരായ ഡ്യൂബോൺ ചാൾസ്, ഷാരിൻ സി.ഡിക്സൺ.
നാടക സംവിധായികയും
2007ലെ ദേശീയ അദ്ധ്യാപക അവാർഡ്, ഇനവേറ്റീവ് ടീച്ചിംഗ് മെതേഡ്സിനുള്ള സംസ്‌ഥാന സർക്കാർ പുരസ്‌കാരം എന്നിവ നേടി. ഒട്ടേറെ ശാസ്ത്രനാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
പഠനം കൊണ്ട് എക്കാലവും സ്വയം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്.
ഡോ. ഷാർലറ്റ് ഡിക്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |