SignIn
Kerala Kaumudi Online
Monday, 13 October 2025 5.40 PM IST

ഇന്ത്യയും അഫ്ഗാനിസ്ഥാനും, നയതന്ത്രവും ധാർമ്മികതയും ഉയർത്തുന്ന ചോദ്യങ്ങൾ

Increase Font Size Decrease Font Size Print Page

india-

ഏറെക്കാലമായി ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ സങ്കീർണതകൾ ഏറി. രാജ്യാന്തര അംഗീകാരമില്ലാതെ നെട്ടോട്ടമോടുമ്പോഴും ആഭ്യന്തരരംഗത്ത് മതമൗലികവാദവും സ്ത്രീവിരുദ്ധതയുംകൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ താലിബാൻ ഭരണകൂടം ഒട്ടും കുറവ് വരുത്തിയില്ല. ഇതിനിടയിലാണ് ഇന്ത്യയുമായുള്ള ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ കാബൂൾ ചില ശ്രമങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖി ഇന്ത്യയിൽ എത്തി ചർച്ചകൾ നടത്തുന്നത്.

ഇന്ത്യയുടെ വിദേശനയത്തിൽ നേരിട്ടും അല്ലാതെയും അഫ്ഗാനിസ്ഥാൻ വളരെക്കാലമായി പ്രധാന ഘടകമാണ്. കാബൂളിലെ ഓരോ ഭരണമാറ്റവും ഇന്ത്യയുടെ നയങ്ങളിലും നിലപാടുകളിലും എല്ലാ കാലത്തും നയതന്ത്ര വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. 2021-ലെ താലിബാന്റെ തിരിച്ചുവരവ് ആ അർത്ഥത്തിൽ ഇന്ത്യയ്ക്ക് പുതിയ പ്രതിസന്ധിയല്ല. മുത്തഖിയുടെ സന്ദർശനം രാജ്യത്തിനകത്തും പുറത്തും അസാധാരണമായ അസ്വസ്ഥതയും പ്രതികരണങ്ങളുമുണ്ടാക്കി. ഇന്ത്യയുമായുള്ള താലിബാൻ സർക്കാരിന്റെ ആദ്യ മന്ത്രിതല ഇടപെടലായിരുന്നു അത്. വനിതാ മാദ്ധ്യമ പ്രവർത്തകരെ മുത്തഖിയുടെ പത്രസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ വിവാദം കൂടുതൽ രൂക്ഷമായി. അതിർത്തിക്കപ്പുറത്ത്, ജമ്മു കശ്മീരിലെ ഭീകരതയെ അപലപിച്ച ഇന്ത്യ- അഫ്ഗാനിസ്ഥാൻ സംയുക്ത പ്രസ്താവന പാകിസ്ഥാനെയും പ്രകോപിപ്പിച്ചു.

രാജഭരണം, റിപ്പബ്ലിക്, സൈനിക ഇടപെടൽ, അധിനിവേശം, ചെറുത്തുനില്പ് എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ അഫ്ഗാനിസ്ഥാനുമായി ഇന്ത്യ തന്ത്രപരമായ ബന്ധം നിലനിറുത്തിയിരുന്നു. 1950-കളിലും 60-കളിലും സംസ്‌കാരം, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിൽ വേരൂന്നിയ സൗഹാർദ്ദപരമായ ബന്ധമായി​രുന്നു. 1979-ലെ സോവിയറ്റ് ഇടപെടൽ, അമേരിക്കൻ പിന്തുണയുള്ള ഇസ്ളാമിക തീവ്രവാദ സംഘടനകളുടെ പോരാട്ടങ്ങൾ, പിന്നീട് 1990-കളിലെ താലിബാന്റെ ആദ്യഭരണകൂടം എന്നിവയെല്ലാം സ്ഥിതിഗതികളെ മാറ്റിമറിച്ചു.

1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയതും ആ കാലത്ത് ഇന്ത്യ നേതൃത്വംകൊടുത്ത വികസന പദ്ധതികൾക്കു നേരെയുണ്ടായ ആക്രമണങ്ങളും ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കി. 2001-നു ശേഷം, അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി. റോഡുകൾ, ആശുപത്രികൾ, സൽമ അണക്കെട്ട്, അഫ്ഗാൻ പാർലമെന്റ് കെട്ടിടം തുടങ്ങി വൈദ്യുതി പദ്ധതികൾ നിർമ്മിക്കാൻ വരെ ഏകദേശം 3 ബില്യൺ ഡോളർ ചെലവഴിച്ചു. ആയിരക്കണക്കിന് അഫ്ഗാൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ

സർവകലാശാലകളിൽ പഠിക്കാൻ അവസരമൊരുക്കി. രണ്ടു പതിറ്റാണ്ടുകാലം കാബൂളിന്റെ ഏറ്റവും വിശ്വസ്ത പങ്കാളികളിൽ ഒന്നായിരുന്നു ഇന്ത്യ; 2021-ലെ താലിബാൻ തിരിച്ചുവരവ് വരെ.

അമേരിക്കൻ സേന പിന്മാറിയതോടെ പുതിയ മേഖലാക്രമം രൂപപ്പെടുകയാണ്. റഷ്യ, ചൈന, ഇറാൻ, മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ തുടങ്ങിയവർ താലിബാനുമായി നയതന്ത്ര ചാനലുകൾ തുറന്നിരിക്കുന്നു. ഒരിക്കൽ മുഖ്യ പിന്തുണക്കാരായിരുന്ന പാകിസ്ഥാൻ ഇന്ന് കാബൂളുമായി കൊമ്പുകോർക്കുന്നു. ഈ മാറുന്ന സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് കാഴ്ചക്കാരനായി തുടരാൻ കഴിയില്ല എന്ന് മോദി സർക്കാർ തിരിച്ചറിയുന്നു. മാത്രമല്ല,​ ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറക്കുകയും സഹായ പരിപാടികൾ പുനരാരംഭിക്കുകയും അഫ്ഗാൻ മണ്ണ് ഇന്ത്യയ്‌ക്കെതിരായ ഭീകരതയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പു നേടുകയും ചെയ്തു.

നയതന്ത്ര നടപടികൾ ജാഗ്രതയോടെയാണ് ഇന്ത്യ മുന്നോട്ടു കൊണ്ടുപോകുന്നത്. താലിബാൻ ഭരണകൂടത്തിന് ഔപചാരിക അംഗീകാരം ഇപ്പോഴും നൽകിയിട്ടില്ല. ഇന്ത്യയുടെ ബന്ധങ്ങളെ 'ജനകേന്ദ്രീകൃത"മെന്ന് വിശേഷിപ്പിക്കുന്നു. രാഷ്ട്രീയ അംഗീകാരത്തിലല്ല, മാനുഷിക സഹായത്തിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷേ നയതന്ത്രരംഗത്തെ മറ്റു മേഖലകളിലെ കാര്യങ്ങൾ സങ്കീർണമാണ്: ഓരോ നീക്കവും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും ലിംഗ, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള സ്വന്തം നിലപാടുകൾക്കും എതിരായി വന്നാൽ വിമർശനം ശക്തമാകുമെന്ന് മോദി സർക്കാരിന് അറിയാം.

താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിലെ ധാർമ്മിക അസ്വസ്ഥതയെ നിർവചിക്കുന്ന ഏതെങ്കിലും ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് സ്ത്രീകളോടുള്ള അവരുടെ നിലപാടുകളിൽ കാണാം. അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, താലിബാൻ പൊതുജീവിതത്തിൽ നിന്ന് സ്ത്രീകളെ മാറ്റിനിറുത്തി. സ്‌കൂളുകൾ, സർവകലാശാലകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് അവരെ വിലക്കി. അടുത്തകാലത്ത് സ്ത്രീകൾ രചിച്ച പുസ്തകങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിൻവലിക്കപ്പെട്ടു. അഫ്ഗാൻ ജനസംഖ്യയുടെ പകുതിയും ഇങ്ങനെ നിശബ്ദമാക്കപ്പെടുന്നതിനെ ഇന്ത്യയും ആശങ്കയോടെയാണ് കാണുന്നത്.

സ്ത്രീ ശാക്തീകരണത്തെയും സ്ത്രീ വിദ്യാഭ്യാസത്തെയും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളിയാണ്. തന്ത്രപരമായ നേട്ടത്തിനായി ഇന്ത്യ മനുഷ്യാവകാശങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശകർ പറയുന്നു. സർക്കാർ ആകട്ടെ,​ അഫ്ഗാനിസ്ഥാനുള്ള സഹായം രാഷ്ട്രീയമല്ല, മാനുഷികമാണെന്ന് വാദിക്കുന്നു. കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെങ്കിലും ഇന്ത്യയ്ക്ക് വെറുതെ പിന്തിരിഞ്ഞു നില്ക്കാൻ കഴിയില്ല. സ്വന്തം മണ്ണിനെ ലക്ഷ്യം വച്ചുള്ള ഭീകര ശൃംഖലകൾ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അഫ്ഗാൻ ജനതയോട്, പ്രത്യേകിച്ച് വിദ്യാഭ്യാസ സഹായങ്ങൾ, ആരോഗ്യ സംരക്ഷണം, വ്യാപാരം എന്നിവയ്ക്കായി ഒരിക്കൽ ഇന്ത്യയെ ആശ്രയിച്ചിരുന്നവരോട്, ഒരു കടമയും ഇന്ത്യയ്ക്കുണ്ട്. ധാർമ്മിക നിലപാടുകളിലെ അടിത്തറ നഷ്ടപ്പെടാതെ ഇതിനെല്ലാം കഴിയുമോ എന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.

(എം.ജി. സർവകലാശാലാ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തര പഠന വിദഗ്ദ്ധനുമാണ് ലേഖകൻ. ഫോൺ​: 94472 30643)

എന്തുകൊണ്ട്

പ്രധാനം?​

നയതന്ത്ര മഞ്ഞുരുകലിനു പിന്നിൽ ഭൗമരാഷ്ട്രീയ,​ വാണിജ്യ താത്പര്യങ്ങളുടെ പശ്ചാത്തലമുണ്ട്. മേഖലയിലെ അഫ്ഗാനിസ്ഥാന്റെ സ്ഥാനം വ്യാപാരത്തിനും കണക്ടി​വിറ്റിക്കും നിർണായകമാണ്. പുതിയ ഇന്ത്യ- അഫ്ഗാനിസ്ഥാൻ എയർ ഫ്രൈറ്റ് കോറിഡോർ പാകിസ്ഥാന്റെ കരഉപരോധം മറികടന്ന് കാബൂളിനും ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഉഭയകക്ഷി വ്യാപാരം ഇതിനകം ഒരു ബില്യൺ ഡോളർ കവിഞ്ഞു. ഇന്ത്യ മരുന്നുകൾ, തുണിത്തരങ്ങൾ, യന്ത്രങ്ങൾ എന്നിവയാണ് മുഖ്യമായും അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ദുർബലമായ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി അഫ്ഗാൻ ഉത്പന്നങ്ങൾക്ക് പൂജ്യം തീരുവ വ്യവസ്ഥയും ഇന്ത്യ നിലനിറുത്തുന്നു.

വ്യാപാരം,​ ബന്ധങ്ങളുടെ ഒരു ഘടകം മാത്രമാണ്. ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളാണ് കൂടുതൽ ആഴത്തിലുള്ളത്. പാകിസ്ഥാൻ- താലിബാൻ ബന്ധം വഷളാകുകയും,​ ചൈന വേഗത്തിൽ മേഖലയിൽ കടക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൗമരാഷ്ട്രീയ ഇടം വീണ്ടെടുക്കാനുള്ള ഒരു അവസരം ഇന്ത്യ കാണുന്നു. റഷ്യ, ഇറാൻ, ചൈന എന്നിവയ്‌ക്കൊപ്പം അടുത്തിടെ നടന്ന മോസ്‌കോ ചട്ടക്കൂട് ചർച്ചകളിൽ കാബൂളിന്റെ പങ്കാളിത്തം കാര്യങ്ങൾ എങ്ങനെ മാറുന്നുവെന്ന് കാണിച്ചുതന്നു. ആ ചട്ടക്കൂടിലെ ഇന്ത്യയുടെ സാന്നിദ്ധ്യവും മുത്തഖിയോടുള്ള ആതിഥ്യമര്യാദയും മാറിക്കൊണ്ടിരിക്കുന്ന കൂട്ടായ്മയിൽ ജാഗ്രതയോടെ ഇടപെടാനുള്ള ഇന്ത്യയുടെ സന്നദ്ധതയാണ് സൂചിപ്പിക്കുന്നത്.

TAGS: I
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.