ന്യൂഡൽഹി: ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രദേശവാസികളായ ഷെയ്ഖ് റിയാസുദ്ദീൻ, ഷെയ്ഖ് ഫിർദൗസ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ആൺസുഹൃത്തിനെയും മെഡിക്കൽ കോളേജിലെ ജീവനക്കാരെയുമുൾപ്പെടെ ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ, സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം വിവാദമായി. പെൺകുട്ടികളെ രാത്രി പുറത്തുപോകാൻ അനുവദിക്കരുത്. സ്വന്തം സുരക്ഷയുടെ കാര്യത്തിൽ അവർക്ക് ഉത്തരവാദിത്വ വേണം. പുലർച്ചെ 12.30ന് പെൺകുട്ടി എങ്ങനെയാണ് കോളേജിന് പുറത്തുവന്നത് എന്നുമായിരുന്നു പരാമർശം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ഇത്തരം സംഭവങ്ങളുടെ പേരിൽ ബംഗാളിനെ ഒറ്റപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു. മൂന്നാഴ്ച മുമ്പ് ഒഡീഷയിൽ മൂന്ന് പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി. എന്ത് നടപടിയാണ് ഒഡീഷ സർക്കാർ എടുത്തതെന്നും മമത ചോദിച്ചു.
ഇതോടെ ബി.ജെ.പി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.
സംസ്ഥാനത്താകെ വലിയ പ്രതിഷേധങ്ങൾ നടന്നു. പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ത്രീകൾ ഉചിതമായ മറുപടി നൽകണമെന്ന് ബി.ജെ.പി പറഞ്ഞു.
അതിനിടെ, സംഭവം അപലപനീയമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ മമത ഇടപെടണമെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ജി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഒഡീഷ സ്വദേശിയായ രണ്ടാം വർഷ എംബി.ബി.എസ് വിദ്യാർത്ഥിനി സ്വകാര്യ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് ലൈംഗികാതിക്രമത്തിന് ഇരയായത്. ആൺസുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടും മെഡിക്കൽ വിദ്യാർത്ഥി അതിക്രമത്തിനിരയാകുന്നത്.
ബി.ജെ.പി നേതാക്കളെ
തടഞ്ഞു
അതിജീവിതയെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ബി.ജെ.പി നേതാക്കളെ പൊലീസ് തടഞ്ഞു. ലോക്കറ്റ് ചാറ്റർജി അടക്കമുള്ള ബി.ജെ.പി നേതാക്കളെയാണ് തടഞ്ഞത്. നേതാക്കൾ പൊലീസുകാരുമായി വാക്കേറ്റത്തിലേർപ്പെടുകതയും പ്രതിഷേധിക്കുകയും ചെയ്തു. മമതയുടെ നേതൃത്വത്തിൽ നടക്കുന്നത് താലിബാൻ, പാകിസ്ഥാൻ മാതൃകയിലുള്ള ഭരണമാണെന്ന് ലോക്കറ്റ് ചാറ്റർജി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |