തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക പാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ അന്വേഷണം ഹൈദരാബാദിലേക്കും. സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷിന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മോഷ്ടിച്ചെന്നാണ് സംശയം. ഇയാളെയും ചോദ്യം ചെയ്യും. ദ്വാരപാലക ശിൽപ പാളികളും വാതിൽപ്പടികളും സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളായ കർണാടക സ്വദേശി ആർ. രമേഷുംഅനന്ത സുബ്രഹ്മണ്യവുമാണ്. ആദ്യം അനന്തസുബ്രഹ്മണ്യത്തിന്റെ ബംഗളൂരുവിലെ വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് എതാനും ദിവസം കഴിഞ്ഞ് നാഗേഷിന്റെ സ്ഥാപനത്തിൽ എത്തിച്ചു. ഒരു മാസത്തിലേറെ കൈവശം വച്ച ശേഷം 2019 ജൂലായ് 29 നാണ് നാഗേഷിന്റെ നേതൃത്വത്തിൽ സ്വർണം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. ഇതിനിടയ്ക്ക് സ്വർണം അപഹരിച്ചുവെന്നാണ് സംശയം. ബോർഡ് ഉത്തരവ് പ്രകാരം സ്വർണം പൂശുന്നതിന് മേൽനോട്ടം വഹിക്കാൻ തിരുവാഭരണം കമ്മിഷണർ ആർ.ജി രാധാകൃഷ്ണൻ സ്മാർട്ട് ക്രിയേഷനിലെത്തിയിരുന്നു.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദ്വാരപാലക ശിൽപപാളികളും തൂക്കിനോക്കി. സ്വർണം പൂശും മുമ്പ് തയ്യാറാക്കിയ മഹസറിൽ തൂക്കം രേഖപ്പെടുത്തിയത് 38.258 കിലോ എന്നാണ്.സ്വർണം പൂശിയശേഷം സ്മാർട്ട് ക്രിയേഷൻസിൽവെച്ച് വീണ്ടും സ്വർണപ്പാളികൾ തൂക്കി. അപ്പോൾ ഭാരം 38.653 കിലോഗ്രാം ആയിരുന്നു. സ്വർണം പൂശിയതോടെ 394 ഗ്രാമിന്റെ വർദ്ധനയാണുണ്ടായത്. അപ്പോഴും ആകെ തൂക്കത്തിൽ 4.147 കിലോഗ്രാമിന്റെ കുറവുണ്ടായി. ശിൽപപാളികളും കട്ടിളപ്പാളികളും അപ്പാടെ മാറ്റിയിരിക്കാമെന്നാണ് സംശയം. തൂക്കക്കുറവ് ബോധ്യമായിട്ടും ശില്പപാളികളും കട്ടിളകളും പോറ്റിയെ തിരികെയേൽപ്പിച്ച ശേഷം തിരുവാഭരണം കമ്മിഷണർ മടങ്ങുകയായിരുന്നു.
ഈ പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പൂജനടത്തി. നടൻ ജയറാം ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തു. തുടർന്ന് ജയറാമിന്റെ വീട്ടിലും കൊണ്ടുപോയി പൂജ നടത്തുകയും അവിടെ നിന്ന് ബംഗളൂരുവിലെ അജികുമാർ എന്നയാളുടെ വീട്ടിലും കൊണ്ടുപോയി. അവിടെ ദിവസങ്ങളോളം വച്ച ശേഷം ബെല്ലാരിയിലുള്ള വ്യവസായിയുടെ വീട്ടിലേക്കും കൊണ്ടുപോയി. പിന്നീട് ബംഗളൂരുവിലെ അജികുമാറിന്റെ കാറിൽ എറണാകുളം വാഴകുളത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സർപ്പക്കാവിൽ വച്ച് പൂജയും നടത്തി.
യോഗദണ്ഡും രുദ്രാക്ഷമാലകളും
പുറത്തേക്ക് കൊണ്ടുപോയില്ല
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്ന് അയ്യപ്പസ്വാമിയുടെ യോഗദണ്ഡും രുദ്രാക്ഷ മാലകളും പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് അവയുടെ അറ്റകുറ്റപ്പണി നടത്തി സ്വർണംകെട്ടി നൽകിയ കോഴഞ്ചേരിയിലെ പമ്പാ ജൂവലറി ഉടമ അശോക് പറഞ്ഞു. സന്നിധാനത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വച്ച്, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെയും വിജിലൻസ് ഉദ്യോഗസ്ഥന്റെയും മറ്റ് ദേവസ്വം ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് പണികൾ നടത്തിയത്. യോഗദണ്ഡിൽ 18 പടികളെ സങ്കൽപ്പിച്ച് 18 ചുറ്റുകളായി സ്വർണം പൊതിഞ്ഞു. സ്വർണം കെട്ടിയതും വെള്ളി കെട്ടിയതുമായ രുദ്രാക്ഷമാല, കഴുകി വൃത്തിയാക്കി അപ്പോൾത്തന്നെ തിരിച്ചേൽപ്പിച്ചു. ഇവയിൽ നേരത്തെ ഉണ്ടായിരുന്ന സ്വർണം ദേവസ്വം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചശേഷം പത്മകുമാർ നൽകിയ സ്വർണം ഉപയോഗിച്ചാണ് യോഗദണ്ഡ് പൂർണമായും സ്വർണം ചുറ്റിയത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പത്മകുമാറിന്റെ മകന്റെ വഴിപാടായാണ് സ്വർണം പൊതിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |