പള്ളുരുത്തി: ജില്ലയിലെ ഏറ്റവും വലിയ നടപ്പാത കാണാൻ ചെല്ലാനത്ത് ദിനംപ്രതി എത്തുന്നത് നൂറുകണക്കിനാളുകൾ. കടൽ ആക്രമണം പരിഹരിക്കുന്നതിന് ചെല്ലാനം പഞ്ചായത്തിൽ നടപ്പാക്കിയ ടെട്രാപോഡ് കടൽഭിത്തിയുടെ മുകളിലാണ് നടപ്പാത ഒരുക്കിയിരിക്കുന്നത്. 344.2 കോടി രൂപ കിഫ്ബി വഴി പണം ചെലവഴിച്ചാണ് നിർമ്മാണം.
ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. സ്ഥലത്താണ് കടൽഭിത്തിയുടെ 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നടപ്പാത നിർമ്മിച്ചിട്ടുള്ളത്. 16 സ്ഥലങ്ങളിൽ നടപ്പാതയിലേക്ക് കയറുന്നതിനായി ചവിട്ടുപടികളും നിർമ്മിച്ചിട്ടുണ്ട്. 2021ൽ തുടങ്ങിയ ജോലികൾ 2024ലാണ് പൂർത്തിയായത്.
ചൂണ്ടയിടാനും തിരക്ക്
കടൽഭിത്തിയിൽനിന്ന് ചൂണ്ടയിടുന്നതിനും ധാരാളം പേർ എത്തുന്നുണ്ട്. ഒരേപോലുള്ള വസ്ത്രം ധരിച്ച് വളരെ വിലകൂടിയ ചൂണ്ടയുമായി സംഘടിതമായാണ് ഇവർ എത്തുന്നത്. ഇവർക്ക് ധാരാളം മത്സ്യങ്ങളും ലഭിക്കുന്നുണ്ട്. വെയിൽ കുറവുള്ള രാവിലെയും വൈകിട്ടും ധാരാളം ആളുകൾ നടക്കുന്നതിനായി ഇവിടെ എത്തുന്നുണ്ട്.
കുടുംബത്തോടൊപ്പമൊരു സയാഹ്നം
തെരുവുനായ്ക്കളെയും വാഹനങ്ങളെയും പേടിക്കാതെ നല്ല ശുദ്ധവായു ശ്വസിച്ച് നടക്കുന്നതിന് പലരും കുടുംബസമേതമാണ് വരുന്നത്. ദൂര സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ എത്തുന്നവർ വാഹനം സൗകര്യപ്രദമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്താണ് നടക്കുന്നത്. പടിഞ്ഞാറുഭാഗത്ത് കൈവരിയും ഉണ്ട്.
വിളക്കും ഇരിപ്പിടവും വേണം
വഴിവിളക്കും ഇരിക്കുന്നതിനുള്ള സൗകര്യവും വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. നടപ്പായോടു ചേർന്ന് ഒരു മീറ്റർ കല്ലുപാകിയ സ്ഥലത്ത് സ്പോൺസർമാരെ കണ്ടെത്തിയാൽ സർക്കാരിന്റെ പണം മുടക്കാതെ നടപ്പാതയോട് ചേർന്ന് ഇരിപ്പിടങ്ങൾ നിർമ്മിക്കാൻ കഴിയും.
പുത്തൻതോട് മുതൽ വടക്കോട്ട് ഫോർട്ട് കൊച്ചി വരെ പാത നിർമ്മിച്ചാൽ കേരളത്തിലെത്തന്നെ ഏറ്റവും വലിയ നടപ്പാതയായി മാറും.
വി.ടി. സെബാസ്റ്റ്യൻ
സാമൂഹ്യ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |