അവയവദാന ദിനവും ഹൃദയദിനവും വൃക്കദിനവും നേത്രദിനവുമെല്ലാം കേരളം ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. പക്ഷേ, ഹൃദയവും കരളും വൃക്കയും കണ്ണുമെല്ലാം ദാനം ചെയ്യുന്നതിനുള്ള ബോധവത്ക്കരണവും നിയമപരിജ്ഞാനവും നടപടിക്രമങ്ങളും നൽകുന്നതിൽ ഇനിയും മുന്നേറാനുണ്ട്. മരണാനന്തര അവയവദാനത്തിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തിയ കേരളം ഇനിയും കൂടുതൽ മുന്നേറാനുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാലഘട്ടത്തിൽ അവയവദാനത്തിന് തടസമാകുന്ന കാരണങ്ങളും നിരവധിയാണ്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്നങ്ങളും ആശുപത്രികൾ മരണം സ്ഥിരീകരിക്കുന്നത് കുറയുന്നതുമാണ് അവയവദാന നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്തുകൊണ്ട് അവയവദാനം ചെയ്യണം എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. അവയവം ദാനം ചെയ്താൽ എന്തെങ്കിലും പ്രയാസമുണ്ടാകുമോ, ദാനം ചെയ്തതിനുശേഷം സാധാരണ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നിങ്ങനെ നിരവധി ആശങ്കകൾ ഇപ്പോഴും മലയാളികൾക്കിടയിലുണ്ട്.
ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതും മരണശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതുമെല്ലാം ഉദാത്തമാണ്. അവയവദാനത്തക്കുറിച്ചുളള സംശയങ്ങളും ചോദ്യങ്ങളും നില നിൽക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുൻപോട്ട് വരാൻ മടിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുന്നത് ലൈവ് ഡോണർ ട്രാൻസ്‌പ്ലാന്റാണ്. മസ്തിഷ്‌ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഡിസീസ്ഡ് ഡോണർ ട്രാൻസ്‌പ്ലാന്റും.
സിനിമ ചർച്ചയാകുമ്പോൾ
ഹൃദയം മാറ്റിവയ്ക്കൽ എന്ന പ്രമേയം ചർച്ചചെയ്ത 'ഹൃദയപൂർവ്വം" സിനിമയും അടുത്തിടെ അവയവ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും സജീവമാക്കി. സിനിമയെന്ന കലാരൂപത്തിന്റെ ശക്തി കൂടിക്കൂടി വരുന്ന കാലമാണിത്. അതുകൊണ്ടു തന്നെ സിനിമ സാമൂഹ്യ പ്രസക്തമാകുമ്പോൾ വലിയൊരു പോസിറ്റീവ് സന്ദേശമാണ് മനുഷ്യരാശിയ്ക്ക് നൽകുക. ഭാവനയുടെയും ഭാവുകത്വത്തിന്റെയുമെല്ലാം വെെകാരികതയുടേയും സ്പർശമില്ലാതെ കലാരൂപത്തിന് മനുഷ്യമനസുകളിലേക്ക് കയറിക്കൂടാനാവില്ല. പക്ഷേ, അതിൽ സത്യത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടേയും അടിയൊഴുക്കുണ്ടാവണമെന്നതിനെ സാധൂകരിക്കുന്നതായിരുന്നു ഈ സിനിമയെന്നാണ് വലിയൊരു വിഭാഗം വിലയിരുത്തിയത്. അതിൽ ആരോഗ്യപ്രവർത്തകരും ഏറെയുണ്ട്. ഹൃദയപൂർവ്വത്തിന്റെ പിറവിയെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് കേരളകൗമുദിയോട് പറഞ്ഞത് ഇങ്ങനെയാണ്: ''ഒരു ദിവസം മകൻ അഖിൽ സത്യൻ ഒരു ഫോട്ടോ കാണിച്ചു. അമേരിക്കയിലുള്ള ഒരു പെൺകുട്ടിയുടെ വിവാഹച്ചടങ്ങിൽ, അവളുടെ അച്ഛന്റെ ഹൃദയം സ്വീകരിച്ചയാളുമൊത്തുള്ള ചിത്രം. എന്നിട്ട് അവൻ പറഞ്ഞു, ഇതിൽ ഒരു കഥയുണ്ട് അച്ഛാ..."" അങ്ങനെയാണ് 'ഹൃദയപൂർവം" സിനിമയുടെ ബീജാവാപം.
സിനിമയൊരുക്കാൻ സത്യൻ അന്തിക്കാടും സംഘവും ഹൃദയം മാറ്റിവച്ച ഒരുപാടു പേരെ അന്വേഷിച്ചു. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവർ മാത്യുവായിരുന്നു ആദ്യം അദ്ദേഹത്തിന്റെ മനസിലെത്തിയത്. പിന്നീട്, ഞാൻ പ്രകാശൻ സിനിമയുടെ ഷൂട്ടിംഗിനായി കൊടുങ്ങല്ലൂരിലെ പുല്ലൂറ്റിലുള്ള ഹനീഫയെ ഓർത്തു. ഹൃദയവും ശ്വാസകോശവും മാറ്റിവച്ചയാളായിരുന്നു അദ്ദേഹം. കണ്ണൂരുള്ള വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ഹൃദയം കോട്ടയത്തുള്ള യുവാവ് സ്വീകരിച്ചിരുന്നു. വർഷങ്ങൾക്കുശേഷം വിഷ്ണുവിന്റെ അമ്മ മരിച്ചപ്പോൾ ആ ചിതയ്ക്ക് തീ കൊളുത്തിയത് ഹൃദയം സ്വീകരിച്ച യുവാവായിരുന്നു. അങ്ങനെ കുറേ യഥാർത്ഥ ജീവിതകഥകളിൽ നിന്നാണ് ആ സിനിമ പിറന്നതെന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു.
അവയവദാനം ഇന്ന് സ്വാഭാവികമായി മാറിയെന്ന സന്ദേശമാണ് മോഹൻലാൽ എന്ന നടനിലൂടെ, ഈ സിനിമയിലൂടെ പ്രൊമോട്ട് ചെയ്യാനായത്. പോസിറ്റീവായി ജനങ്ങൾ സിനിമയെ സ്വീകരിച്ചത്, കാലിക പ്രസക്തിയുള്ളതുകൊണ്ടുമാണ്. കൊച്ചിയിൽ പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും അദ്ദേഹം ഹൃദയം മാറ്റിവച്ച പത്തുപേരും ചേർന്നുള്ള ഒരു കൂടിക്കാഴ്ചയിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രതികരണവും സത്യൻ അന്തിക്കാടിനെ ആവേശഭരതിനാക്കി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില സംഘടനകൾ ഇപ്പോഴും അനുമോദനവുമായി വിളിക്കുന്നുവെന്നും ആ ചിത്രത്തിന്റെ പേര് കൂടുതൽ അന്വർത്ഥമാകുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
മുൻ സെെനികന് മോഹൻലാലിന്റെ കത്ത്
'ഹൃദയപൂർവം" സിനിമ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ തൃശൂർ കെെപ്പറമ്പ് സ്വദേശി മുൻ സുബേദാർ കെ.ആർ രാജൻ മോഹൻലാലിന് അഭിനന്ദനക്കത്തെഴുതി. അദ്ദേഹത്തിന്റെ മറുപടി വെെകാരികമായിരുന്നു. അതിങ്ങനെയായിരുന്നു: ''എന്നെക്കുറിച്ചുള്ള നിങ്ങളുടെ സ്നേഹപൂർവമായ വാക്കുകൾക്കും വ്യക്തിപരമായ ആശംസകൾക്കും നന്ദി. ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ ഇത്രയധികം സ്പർശിച്ചുവെന്നും, ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും നിസ്വാർത്ഥമായ പ്രവൃത്തികളിൽ ഒന്നായ അവയവദാനത്തെക്കുറിച്ച് ചിന്ത ഉണർത്തിയെന്നുമുള്ള അറിവിൽ ഞാൻ വളരെയധികം വികാരഭരിതനാണ്. ഈ സുപ്രധാന വിഷയത്തിൽ കേരളത്തിലുടനീളമുള്ള ജനങ്ങളുടെ അവബോധത്തെ ഈ ചിത്രം വീണ്ടും ജ്വലിപ്പിച്ചിട്ടുണ്ടെന്ന് കേൾക്കുന്നത് ശരിക്കും പ്രോത്സാഹജനകമാണ്. നിരവധി സംഘടനകൾ ഇപ്പോൾ ഈ ലക്ഷ്യം സജീവമായി ഏറ്റെടുക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കൂടാതെ സമീപകാലത്ത് മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ കുടുംബങ്ങൾ നടത്തുന്ന അവയവദാനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു. ഇവ വൈദ്യശാസ്ത്രപരമായ പ്രവൃത്തികളല്ല, മറിച്ച് ആഴത്തിലുള്ള മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും പ്രകടനങ്ങളാണ്.
സിനിമ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ, ഒരു കണ്ണാടിയും സന്ദേശവാഹകനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാറ്റത്തിന് പ്രചോദനം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. അത്തരം അർത്ഥവത്തായ സംഭാഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും 'ഹൃദയപൂർവ്വം" ഒരു ഉത്തേജകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിയുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു. താങ്കളുടെ ചിന്തകൾ വീണ്ടും പങ്കുവച്ചതിനു നന്ദി. ഒരാൾക്ക് മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും മഹത്തായ സമ്മാനമായ ജീവന്റെ മഹത്വം ഈ സിനിമ വീണ്ടും ഉണർത്തിയതിൽ ഞങ്ങൾ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു."" അതെ, സിനിമയും മറ്റു കലാരൂപങ്ങളുമെല്ലാം മനുഷ്യത്വത്തിന്റെ വഴികളിൽ സജീവമായി നിലകൊള്ളട്ടെ. എത്ര വലിയവനായാലും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കൊടിക്കൂറകൾ പാറിക്കട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |