പത്തനതിട്ട: ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉന്നത ദേവസ്വം ഉദ്യോഗസ്ഥരുടെയും ഗുരുതരമായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ, ദേവസ്വം സെക്രട്ടറി , ദേവസ്വം ബോർഡ് പ്രസിഡന്റ് , അംഗങ്ങൾ എന്നിവർക്കെല്ലാം തട്ടിപ്പിൽ വ്യക്തമായ പങ്കുള്ളതായി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
2019 ജൂൺ 17നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം ചെലവിൽ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശി നൽകാമെന്ന് കാട്ടി എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ നൽകിയത്. തന്ത്രിയുടെ അഭിപ്രായം എ.ഒ മുരാരി ബാബു തേടി. സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതുതായി സ്വർണം പൂശി വൃത്തിയാക്കി വയ്ക്കുന്നതിന് അനുവദിക്കാമെന്ന് തന്ത്രി പറഞ്ഞു. വെറും ചെമ്പ് പാളികളെന്ന് എഴുതി അറ്റകുറ്റപണികൾ നടത്തി സ്വർണം പൂശീനൽകാൻ അനുവാദം നൽകാമെന്ന് മുരാരി ബാബു ശുപാർശ ചെയ്തു. ശുപാർശ ഉദ്യോഗസ്ഥരും ബോർഡും അംഗീകരിച്ചതോടെയാണ് തട്ടിപ്പിന് വഴി തെളിഞ്ഞത്.
2019 ജൂലായ് 19, 20 തീയതികളിലായി പാളികൾ ഇളക്കിയെടുത്തു. രണ്ടു മഹസർ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറാണ് തയ്യാറാക്കിയത്. ചെമ്പ് പാളികളെന്ന് എഴുതിച്ചേർത്ത ഈ മഹസറിൽ തിരുവാഭരണം കമ്മിഷണർ, ശബരിമല എക്സിക്യൂട്ടീവ് എൻജിനിയർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിദ്ധ്യം പറയുന്നുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, അസി.എൻജിനിയർ സുനിൽ കുമാർ, ഡ്യൂട്ടി ഗാർഡ് രജീഷ് എന്നിവർ ഒപ്പിട്ടു.
പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളായ അനന്തസുബ്രഹ്മണ്യം, കന്നഡ സ്വദേശി ആർ.രമേശ് എന്നിവരാണ് കൈപ്പറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റി എത്തിയില്ല. ദ്വാരപാലക ശില്പങ്ങളിലും തെക്കുവടക്ക് സ്ഥാപിച്ചിരുന്ന പാളികളിലുമായി 4.28 കിലോ തൂക്കം സ്വർണം ഉണ്ടായിരുന്നു.
സ്വർണം വേർതിരിച്ചത് നാഗേഷ്?
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം ഇവ സ്വർണം, ചെമ്പ് പണികൾ നടത്തുന്ന ഹൈദരാബാദിലെ നാഗേഷിന്റ സ്ഥാപനത്തിലെത്തിച്ചു. 2019ആഗസ്റ്റ് 29ന് ഹൈദരാബാദിൽ നിന്ന് നാഗേഷാണ് ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ സ്വർണം പൂശുന്നതിനായി എത്തിച്ചത്. അന്ന് തിരുവാഭരണ കമ്മിഷണർ ആർ.ജി രാധാകൃഷ്ണൻ പാളികൾ പരിശോധിക്കുകയും തൂക്കി നോക്കുകയും ചെയ്തു. 4.541 കിലോ തൂക്കത്തിൽ കുറവ് കണ്ടെത്തി. ഇവ സ്വർണം പൂശിയശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. പാളികളിലെ തൂക്ക വ്യത്യാസം ഇവർ പരിശോധിച്ചില്ല. പാളികളിൽ സ്വർണം പൂശിയ ശേഷമാണ് നടൻ ജയറാമിന്റെ വീട്ടിലടക്കം എത്തിച്ച് പൂജ നടത്തിയത്.
കള്ളപ്പണം തേടി ഇ.ഡിയും
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡിയും അന്വേഷണത്തിന് ഒരുങ്ങുന്നു. അന്തർസംസ്ഥാന ബന്ധമുള്ള തട്ടിപ്പിലും ഇടപാടുകളിലും കള്ളപ്പണം വിനിയോഗിച്ചോയെന്നാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുക. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി അന്വേഷിക്കുക. എഫ്.ഐ.ആർ, മറ്റു രേഖകൾ തുടങ്ങിയവ രേഖാമൂലം ആവശ്യപ്പെടും. പ്രാഥമിക പരിശോധനയിൽ കള്ളപ്പണ ഇടപാടുകളുടെ സൂചനകൾ ലഭിച്ചാൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം നടത്തും.
കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ട ഇടപാടാണ് ശബരിമലയിൽ നടന്നത്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടവർക്ക് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളും ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ട്.
ആരൊക്കെ ജയിലിലേക്ക് പോകുമെന്ന് നോക്കാം:മുഖ്യമന്ത്രി
ശബരിമലയിലെ സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമെന്നും ആരൊക്കെ വിലങ്ങണിഞ്ഞോ അല്ലാതെയോ ജയിലിലേക്ക് പോവുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഒരു ആശങ്കയും വേണ്ട. അന്വേഷണം കഴിഞ്ഞിട്ട് കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |