ബംഗളൂരു: വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെയായി ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയ നിരവധി പേരുണ്ട്. അത്തരത്തിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരും ഏറെയാണ്. ഇപ്പോഴിതാ ബംഗളൂരുവിൽ ജീവിക്കുന്ന ഒരു റഷ്യൻ സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ബംഗളൂരുവിലെ ചെലവുകളാണ് യുവതി പങ്കുവയ്ക്കുന്നത്. ഒന്നേ കാൽ ലക്ഷം രൂപയാണ് വീട്ടുവാടകയായി നൽകുന്നതെന്നാണ് യുവതിയുടെ അവകാശവാദം. 45,000 രൂപ വീട്ടുജോലിക്കാരിക്ക് നൽകണമെന്നും യുവതി പറയുന്നു. 11 വർഷമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് അവർ അവകാശപ്പെടുന്നു.
'പതിനൊന്നുവർഷം മുമ്പ് ജോലി സംബന്ധമായാണ് ഇന്ത്യയിലെത്തിയത്. മനോഹരമായ രണ്ട് കിടപ്പുമുറികൾ (സെമിഫർണിഷ്ഡ് എന്നാൽ പുതിയത്, ഫ്രഷ്) ഉള്ള താമസസ്ഥലത്തിന് 1,25,000 രൂപ വാടക നൽകണം. എന്റെ പ്രതിമാസ ചെലവുകൾ വ്യത്യാസപ്പെടും, അത് ആവശ്യകത അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ സ്‌കൂൾ ഫീസും മറ്റുമായി 30,000 രൂപ, ഭക്ഷണവും വീട്ടുചെലവും 75,000 രൂപ, ആരോഗ്യത്തിനും ഫിറ്റ്നസിനും 30,000 രൂപ, പെട്രോളിന് 5,000 രൂപ. വിലപേശാൻ അറിയില്ല.
എന്നാൽ ഒരു മൂന്നംഗ കുടുംബത്തിന് ഇവിടെ മാന്യമായി ജീവിക്കണമെങ്കിൽ മിനിമം രണ്ടര ലക്ഷം വേണ്ടിവരും. മുംബയിലൊക്കെ ജീവിക്കാൻ ഇതിലും ചെലവ് കൂടുതലാണെന്നും യുവതി പറയുന്നു. യുവതിയുടെ വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത്രയൊന്നും രൂപ ചെലവാക്കാതെ ബംഗളൂരുവിൽ ജീവിക്കാനാകുമെന്നാണ് നിരവധി പേർ കമന്റ് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |