ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ, തന്റെ പ്രകടനത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ ബാറ്റിംഗ് ഓർഡറിലെ സ്ഥാനക്കയറ്റമാണെന്ന് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇങ്ങനെയൊരു മാറ്റത്തിന് കാരണം ഹെഡ് കോച്ച് ഗൗതം ഗംഭീർ ആണെന്നും ഇത് തന്നിലെ മികച്ച കളിക്കാരനെ പുറത്തുകൊണ്ടുവരാൻ സഹായിച്ചുവെന്നും ജഡേജ പറഞ്ഞു.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയം നേടിയതിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയിലുടനീളം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ജഡേജയാണ് പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരത്തിന് അർഹനായത്.
"കഴിഞ്ഞ ആറ് മാസമായി ഞങ്ങൾ കളിക്കുന്ന ക്രിക്കറ്റിന്റെ ശൈലി എല്ലാവർക്കുമറിയാം. ഒരു ടീമിന്റെ മികച്ച നേട്ടമാണിത്. ഇത്പോലെ തന്നെ ഇനിയും ഞങ്ങൾ മുന്നോട്ടു പോകും."- ജഡേജ പറഞ്ഞു.
"ഗൗതി ഭായ് പറഞ്ഞ പോലെ ഞാൻ ആറാം നമ്പറിലാണ് ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മികച്ച ബാറ്റ്‌സ്മാനെ പോലെ ചിന്തിക്കുന്നത് എനിക്ക് ഗുണം ചെയ്യുന്നുണ്ട്. മുൻപ് വർഷങ്ങളോളം എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലുമായിരുന്നു ഞാൻ ബാറ്റ് ചെയ്തിരുന്നത്. അന്ന് ഉണ്ടായിരുന്ന എന്റെ ചിന്താഗതി ഇപ്പോൾ ഉള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു." ജഡേജ പറയുന്നു.
റെക്കാർഡുകളെക്കുറിച്ച് അധികം ആലോചിക്കുന്നില്ലെന്നും എന്നാൽ തന്റെ ജോലിയോട് നീതി പുലർത്താൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും ശക്തമായ പ്രകടനം നടത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
"ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമ്പോഴെല്ലാം ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. സത്യം പറഞ്ഞാൽ റെക്കാർഡുകളെക്കുറിച്ച് അധികം ഞാൻ ആലോചിക്കാറില്ല. ടീമിന്റെ വിജയത്തിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ഒരു പ്ലെയർ എന്ന നിലയിൽ എന്റെ മൂല്യത്തെ പ്രതിഫലിപ്പിക്കാനാവില്ലെന്നാണ് കരുതുന്നത്.'- ജഡേജ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |