തൃശൂർ: അഭിനേതാവായും നാടകപ്രവർത്തകനായും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയ ബാബു എം.പാലിശേരി കുന്നംകുളത്തിന്റെ സാംസ്‌കാരിക മുഖമായിരുന്നു. 1990കൾക്ക് മുൻപേ നാടകമേഖലയിലെ വ്യത്യസ്ത പരീക്ഷണമായ നാടകപ്പറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന്റെ അണിയറയിൽ ബാബു എം.പാലിശേരിയുണ്ടായിരുന്നു. അന്നത്തെ നാടകനടനും പിന്നീട് ചലച്ചിത്രസീരിയൽ അഭിനേതാവുമായ മുരുകനായിരുന്നു നാടകപ്പറയെന്ന ആശയത്തിന് തുടക്കം കുറിച്ചത്. രാഷ്ട്രീയ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ വീടുകളുടെ മുറ്റങ്ങളിലും അവതരിപ്പിച്ച നാടകപ്പറ, നാടകചരിത്രത്തിൽ തന്നെ വേറിട്ടു നിന്നു. അക്കാലത്തിന് മുൻപും ശേഷവും അങ്ങനെയൊരു നാടകരൂപം ആരും അവതരിപ്പിച്ചുമില്ല. കുന്നംകുളത്തിന് പരിസരത്തെ ഗ്രാമങ്ങളിലെ വീട്ടുമുറ്റത്തായിരുന്നു അഞ്ചുമിനിറ്റ് വീതമുളള ചെറിയ നാടകങ്ങൾ അരങ്ങേറിയത്. എഴുത്തുകാരൻ പാങ്ങിൽ ഭാസ്‌കരനായിരുന്നു നാടകങ്ങൾ രചിച്ചത്. സി.പി.എം നേതാവായിരുന്ന കെ.എഫ്.ഡേവിസ് അടക്കമുള്ളവരും സജീവമായ നേതൃത്വം നൽകി. ക്ഷേത്രങ്ങളിലെ പറയെടുപ്പ് പോലെ അവതരിപ്പിച്ചുപോന്ന ആ നാടക രൂപത്തിന് സാധാരണ ജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ബാബു എം.പാലിശേരിയടക്കമുള്ള ചില നേതാക്കളായിരുന്നു അന്ന് രാഷ്ട്രീയം സാംസ്‌കാരികപ്രവർത്തനം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചത്.
മുരുകൻ
ചലച്ചിത്രനടൻസംഭാവനകൾ വിലപ്പെട്ടത്: സി.പി.എം
സി.പി.എം ജില്ലാ കമ്മിറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, കുന്നംകുളം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളിൽ ബാബു പാലിശേരിയുടെ സംഭാവന വിലപ്പെട്ടതാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ചില ടെലി ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നാലു പതിറ്റാണ്ട് തന്റെ സംഭാവനകൾ നൽകിയ പ്രതിഭയായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നിന്ന് പ്രവർത്തിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, ആന തൊഴിലാളി യൂണിയൻ, ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ, ലോട്ടറി തൊഴിലാളി യൂണിയൻ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ ബാബു പ്രവർത്തിച്ചു.
മികച്ച സംഘാടകൻ
മുൻ എം.എൽ.എ ബാബു എം. പാലിശേരി നിയമസഭാംഗമെന്ന നിലയിൽ പത്ത് വർഷം സഹപ്രവർത്തകനായിരുന്നു. മികച്ച സാമാജികനും സംഘാടകനുമായിരുന്നു അദ്ദേഹം.
വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്.
പാർട്ടിയുടെ കരുത്തുറ്റ മുഖം
യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന മുൻ എം.എൽ.എ ബാബു എം പാലിശ്ശേരി ജില്ലയിൽ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്നു. സമരസംഘടനാ പ്രവർത്തനങ്ങൾക്ക് ധീരമായ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ നയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത നേതാവിനെയാണ് നഷ്ടമായത്. നിയമസഭയിൽ ജനകീയ വിഷയങ്ങൾ എത്തിക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തി. വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.
എം.വി. ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
യുവജന കാലം മുതൽ ഒന്നിച്ച്
യുവജന കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ച നേതാവാണ് ബാബു പാലിശ്ശേരി. ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ബാബുവിന്റെ വിയോഗം. നിയമസഭയിൽ പത്തു വർഷക്കാലം ഒന്നിച്ചു പ്രവർത്തിച്ചു. സഭയിൽ ജനകീയവിഷയങ്ങൾ ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു.
എം.എ. ബേബി
സി.പി.എം ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |