തൃശൂർ: 'കോൺക്രീറ്റ് അടർന്ന് മോന്റെ തലയിൽ വീഴുമോന്നാ പേടി...' പൊകലപ്പാറ ഉന്നതിയിലെ ബാബു ഈ വാക്കുകൾ പറയുമ്പോൾ കണ്ണുകളിൽ ഉത്കണ്ഠയും വാക്കുകളിൽ ഭീതിയും. ബാബുവും ഭാര്യ റീനയും അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിമലും ബംഗളുരുവിൽ ഓട്ടോമൊബൈൽ കോഴ്‌സ് പഠിക്കുന്ന മകൾ ബിന്ദ്യയും അടങ്ങുന്ന കുടുംബവുമാണ് തകർന്നുവീഴാറായ കൂരയിൽ അന്തിയുറങ്ങുന്നത്.
പന്ത്രണ്ട് വർഷത്തോളം പഴക്കമുള്ള പൊകലപ്പാറയിലെ ഭൂരിഭാഗം വീടുകളിലെയും അവസ്ഥ ഇതാണ്. വീടുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് താമസം. മഴവെള്ളം വീഴാതിരിക്കാൻ മുറികളിൽ ബക്കറ്റുകൾ വയ്ക്കും. വീട് നിർമ്മിച്ച് അഞ്ച് വർഷം കഴിയുമ്പോഴേക്കും നശിച്ചുതുടങ്ങും. മഴയിൽ മരങ്ങൾ വീണ് വൈദ്യുതിക്കമ്പികൾ പൊട്ടുമ്പോൾ രാവും പകലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും. അതോടെ കുട്ടികളുടെ പഠനവും മുടങ്ങും. പുറംലോകവുമായി ബന്ധപ്പെടാൻ ബി.എസ്.എൻ.എൽ കണക്ഷനുള്ള മൊബൈലാണ് ഇവർക്ക് ആശ്രയം. വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ചാർജ് ചെയ്യാൻ സർക്കാർ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും.
പ്രത്യേക ദുർബല വിഭാഗങ്ങൾ, എന്നിട്ടും...
കേരളത്തിലെ പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നായ കാടർ വിഭാഗത്തിൽപെട്ടവരാണിവർ. ചോലനായ്ക്കർ, കുറുമ്പർ, കാട്ടുനായ്ക്കർ എന്നിവരാണ് മറ്റ് ഗോത്രവിഭാഗങ്ങൾ. തൃശൂരിലെ മലക്കപ്പാറ, ഷോളയാർ, ആനക്കയം, വാച്ചുമരം, പൊകലപ്പാറ, വാഴച്ചാൽ, ആനപ്പാന്തം എന്നിവിടങ്ങളിലുമാണ് കാടർ ഭൂരിഭാഗവും താമസിക്കുന്നത്. പാലക്കാട് ജില്ലയിലെ കുരിയാർകുട്ടി, പറമ്പിക്കുളം, തേക്കടി, കൽച്ചാടി, ചെറുനീലി, തളിയക്കല്ല് എന്നിവിടങ്ങളിലുമുണ്ട്. വനവിഭവശേഖരണമാണ് ഉപജീവനം. വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പ്രധാന വിഭാഗമാണിവർ.
'പതി'
കാടരുടെ അധിവാസ കേന്ദ്രത്തെ 'പതി' എന്നാണ് വിളിക്കുന്നത്. പതിയുടെ തലവനെ 'മൂപ്പൻ' എന്നു വിളിക്കും. പതിയുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത് മൂപ്പനാണ്. അംഗങ്ങൾ സംഗീത നൃത്തപരിപാടികളിൽ സംഗീതോപകരണമായി പ്രത്യേകതരം കുഴൽ ഉപയോഗിക്കാറുണ്ട്. ഇത് നിർമ്മിക്കാൻ അറിയുന്നവർ ഇന്ന് അപൂർവമാണ്.
വളർത്തുനായ്ക്കൾ തോഴൻമാർ, പക്ഷേ...
ഉന്നതിയിലെ എല്ലാ വീടുകളിലും നാടൻ നായ്ക്കളുണ്ട്. വന്യമൃഗങ്ങൾ വന്നാൽ മുന്നറിയിപ്പ് നൽകുന്നത് നായ്ക്കളാണ്. എന്നാൽ നായ്ക്കളെ തിന്നാനും പുലികളെത്തും. ഉന്നതിയിലെ നായ്ക്കൾക്ക് ഉദ്യോഗസ്ഥർ കുത്തിവയ്പ് നൽകാറില്ല. കഴിഞ്ഞ ജൂണിൽ വാഴച്ചാൽ കാടർ ഉന്നതിയിലെ രാമന്റെ (48) മരണകാരണം പേവിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. വീട്ടിൽ ഏഴ് വളർത്തുനായ്ക്കളുണ്ടെന്നും തെരുവുനായ്ക്കളെയും രാമൻ പരിചരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
മലക്കപ്പാറയിൽ കാട്ടാനകൾ കട തകർത്തു
അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാന പലചരക്ക് കട തകർത്തു. കേരള ചെക്ക് പോസ്റ്റിനടുത്തുള്ള മുരുകൻ എന്നയാളുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 2 നാണ് സംഭവം. മുൻഭാഗത്തെ വാതിൽ തകർത്ത ആനകൾ എല്ലാ സാധനങ്ങളും വലിച്ച് പുറത്തിട്ട് നശിപ്പിച്ചു. പലചരക്ക് കടയ്ക്കൊപ്പം ചായ കടയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയാണ് ആനകളെ തുരത്തിയത്. വേനൽക്കാലത്ത് മലക്കപ്പാറയിലെ ജനവാസമേഖലയിൽ ആനകൾ എത്തുന്നത് പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |