മഹാരാഷ്ട്ര: മാവോയിസ്റ്റ് നേതാവ് മല്ലാജുല വേണുഗോപാൽ റാവു എന്ന സോനുവും (ഭൂപതി) 60 കൂട്ടാളകളും കീഴടങ്ങി. സി.പി.ഐ മാവോയിസ്റ്റിന്റെ പ്രമുഖ നേതാക്കളിലൊരാളായ മല്ലാജുലയുടെ തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് 60 അംഗങ്ങളോടൊപ്പം ആയുധംവച്ച് കീഴടങ്ങിയത്. വർഷങ്ങളായി മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വിവിധ വനങ്ങളിൽ കഴിഞ്ഞ് പ്രവർത്തിച്ചു. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം, ഡിവിഷണൽ കമ്മിറ്റിയിലെ പത്തംഗങ്ങളും കീഴടങ്ങിയവരിലുണ്ടെന്നാണ് വിവരം.
ഇപ്പോഴത്തെ മാവോയിസ്റ്റ് നേതൃത്വവുമായി ഭൂപതി അകൽച്ചയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ജനപിന്തുണ കുറഞ്ഞതും നൂറുകണക്കിന് കേഡർമാരെ നഷ്ടപ്പെട്ടതും കേന്ദ്രസർക്കാരുമായി സന്ധി സംഭാഷണത്തിലെത്തുന്നതിന് കാരണമായി. സമാധാനത്തിന്റെ പാതയിലേക്ക് മാറണമെന്ന് ഭൂപതി നിലപാടെടുത്തിരുന്നു.
ഈ വർഷം ആദ്യം ഭൂപതിയുടെ ഭാര്യ താരകയും കീഴടങ്ങിയിരുന്നു.
മാവോയിസ്റ്റുകൾക്കെതിരെ സുരക്ഷാസേനയുടെ നടപടി തുടരുകയാണ്. ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പ്രദേശത്ത്, സുരക്ഷാ സേന എട്ട് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരുടെ തലയ്ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതാണ്. ടിഫിൻ ബോംബുകൾ, ഡിറ്റണേറ്ററുകൾ, സുരക്ഷാ ഫ്യൂസുകൾ, കാർഡെക്സ് വയർ, ബാറ്ററികൾ, ഇലക്ട്രിക്കൽ വയറുകൾ, കുഴിക്കൽ ഉപകരണങ്ങൾ, സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ലഘുലേഖകൾ, ബാനറുകൾ എന്നിവ കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |