ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്കുസമീപം നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. കുപ്‌വാരയിലെ മച്ചാൽ, ദുദ്നിയാൽ സെക്ടറുകളിലായി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. തിങ്കളാഴ്ച വൈകിട്ടു മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറെ നേരം ശക്തമായ വെടിവയ്പുണ്ടായെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. പ്രദേശത്തുനിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കഠിനമായ കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും മുതലെടുത്ത് ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ഷാ നിർദ്ദേശിച്ചു.
ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഇന്റലിജൻസ് ബ്യൂറോയുടെയും കേന്ദ്ര സായുധ പോലീസ് സേനകളുടെയും (സി.എ.പി.എഫ്) ഡയറക്ടർ ജനറൽമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |