ഗുരുവായൂർ: 33 വയസ് മാത്രം പ്രായമുളള ഗുരുവായൂരിലെ ലക്ഷണമൊത്ത കൊമ്പൻ ഗോകുലിന്റെ മരണം മർദ്ദനമേറ്റത്താണെന്ന് ആക്ഷേപം. ദേവസ്വത്തിന് പുറത്തുള്ള ഏജൻസികൾ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്ത്.കഴിഞ്ഞമാസം 9ന് രാത്രി പാപ്പാന്മാരിൽ നിന്നും ക്രൂരമർദ്ദനം ഗോകുലിന് ഏൽക്കേണ്ടി വന്നിരുന്നു.ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊമ്പനെ മർദ്ദിക്കുന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചത്.ഗോകുലിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടാം പാപ്പാൻ ജി.ഗോകുൽ,മൂന്നാം പാപ്പാൻ കെ.എ.സത്യൻ എന്നിവരെ കഴിഞ്ഞ 26ന് ദേവസ്വം സസ്‌പെൻഡ് ചെയ്തിരുന്നു.മുൻപും നിരവധി തവണ ദേവസ്വം ആനത്താവളത്തിലെ കൊമ്പന്മാർക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ
പോസ്റ്റുമോർട്ടത്തിൽ മർദ്ദനത്തിന്റെ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്.കൊമ്പൻ ഗോകുലിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര രോഗമുണ്ടായിരുന്നതായാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.ശ്വാസകോശത്തിനും കരളിനുമാണ് രോഗമുണ്ടായിരുന്നത്.എറണാകുളം ജില്ലയിലെ കോടനാടാണ് പോസ്റ്റുമോർട്ടം നടത്തിയത്.ദേവസ്വം ഉദ്യോഗസ്ഥർക്ക് പുറമേ വനം വകുപ്പ്,വിജിലൻസ് ഉദ്യോഗസ്ഥരും പോസ്റ്റുമോർട്ടത്തിന് സന്നിഹിതരായി.
ആന്തരിക പരിക്ക് കണ്ടെത്തുന്നതിൽ ദേവസം ഡോക്ടർക്ക് പിഴവ്
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ കൂട്ടാനയുടെ കുത്തേറ്റ് ഗോകുലിന് ഗുരുതര പരിക്കേറ്റിരുന്നു.ദേവസ്വത്തിലെ കൊമ്പൻ പീതാംബരനാണ് ഗോകുലിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.അന്ന് കുത്തേറ്റതിനെ തുടർന്നാണ് കരളിനും ശ്വാസകോശത്തിനും പരിക്കേറ്റത് എന്നാണ് പ്രാഥമികവിലയിരുത്തൽ.പുറമേയുളള പരിക്കുകൾക്ക് ദേവസ്വം ചികിത്സ നൽകിയിരുന്നു.എന്നാൽ ആന്തരികമായ പരിക്ക് ദേവസ്വം ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.അതിനാൽ ആന്തരികമായ പരിക്കിനുള്ള ചികിത്സയും നൽകാനായില്ല.ഇതാണ് മരണകാരണമെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |