സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. സീരിയലിൽ നിന്നുണ്ടായ വിഷമകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'സീരിയലുകളോടൊക്കെ ബൈ പറഞ്ഞ മട്ടിലാണ് ഞാനുള്ളത്. വിഷമിപ്പിക്കുന്ന ചില അനുഭവങ്ങൾ ഉണ്ടായി. സുധാമണി സൂപ്പർ എന്ന സീരിയൽ ചെയ്തിട്ടുണ്ടായിരുന്നു. ഞാനെന്റെ നൂറ് ശതമാനം കൊടുത്തിട്ടാണ് അതിൽ വർക്ക് ചെയ്തത്. പക്ഷേ അവിടെ നിന്ന് വളരെ വിഷമകരമായ അനുഭവങ്ങളൊക്കെ ഉണ്ടായി. ആ ലൊക്കേഷനിൽത്തന്നെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആത്മഹത്യ ചെയ്തു. മനസിനെ ഭയങ്കരമായി വിഷമിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. അതിന് ശേഷം ഞാൻ സീരിയലുകൾ ചെയ്‌തിട്ടില്ല.'- നടി പറഞ്ഞു.
ആരാധകരുടെ സ്നേഹത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. 'ഒറ്റ ഒരു ഫാൻ മൊമന്റേ എനിക്ക് പറയാനുള്ളൂ. കോയമ്പത്തൂരിയിൽ പൂവേ ഉനക്കാകെയുടെ സിനിമയുടെ സക്സസ് ആഘോഷിക്കുന്ന സമയത്ത് എല്ലാ ആർട്ടിസ്റ്റുകളെയും വിളിച്ചു. കോയമ്പത്തൂരിലെ ഒരു തീയേറ്ററിലായിരുന്നു പരിപാടി. 1995ലാണ് ആ ചിത്രം റിലീസ് ആയത്. 111ാം ദിവസം ആഘോഷിക്കുകയായിരുന്നു. കാറിൽ വന്നിറങ്ങിയതേ ഓർമയുള്ളൂ. കസേരയിൽ ഇരുത്തിയാണ് എന്നെ ആരാധകർ കൊണ്ടുപോയത്. ആലോചിച്ചുനോക്കൂ. ഒന്നുമല്ലാത്ത എന്നെ. ഇന്നും ഒന്നുമല്ല എന്നാലും പറയുകയാണ്. അരുണാചലം എന്ന ചിത്രത്തിൽ രജനി സാറിന്റെ സഹോദരിയായി അഭിനയിച്ചു. അപ്പോൾ തലൈവരുടെ തങ്കച്ചി പട്ടം കിട്ടിയിരുന്നു. വേറൊരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോൾ ആരാധകർ വലിയ പൂക്കൾ കൊണ്ട് മാലയിട്ടു.'- അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |