ചെന്നൈ: തമിഴ്നാട് നിയമസഭയിൽ കരൂർ ദുരന്തത്തെ കുറിച്ചു നടന്ന ദീർഘമായ ചർച്ചയിൽ ഒരിടത്തും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യുടെ പേര് പരാമർശിക്കാത്തത് സഭയ്ക്കു പുറത്ത് വലിയ ചർച്ചയായി.
കരൂരിൽ സെപ്തംബർ 27ന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച അദ്ദഹം സർക്കാർ സ്വീകരിച്ച നടപടികൾ, വൈദ്യസഹായം, കരൂർ സന്ദർശനത്തിന്റെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെ സ്ഥിതിവിവരക്കണക്കുകളോടെ പറഞ്ഞു.
പാർട്ടി നേതാവ്, തമിഴക വെട്രികഴക പാർട്ടി നേതാവ്, അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടി... തുടങ്ങിയ പദങ്ങളാണ് വിജയ് എന്നതിനു പകരം ഉപയോഗിച്ചത്. ഡി.എം.കെയുടെ രാഷ്ട്രീയ ശൈലി ഇങ്ങനെയാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
രാഷ്ട്രീയ രംഗത്ത് പുതിയതായി ഉയർന്നുവരുന്നതോ, പൊതുജന അംഗീകാരം നേടാത്തതോ ആയ പാർട്ടികളുടെ പേരുകളും പ്രവർത്തനങ്ങളും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക എന്നതാണ് ഡി.എം.കെ നേതാക്കളുടെ രീതി. അതാണ് സ്റ്റാലിനും സ്വീകരിച്ചത്.
വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയെക്കുറിച്ചോ അധികം സംസാരിക്കുകയോ അതിശയോക്തിപരമായി പറയുകയോ ചെയ്യരുതെന്ന് പാർട്ടി നേതൃത്വം മന്ത്രിമാർക്കും സംസ്ഥാന നേതാക്കൾക്കും ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കരൂർ ദുരന്തം തടയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി പറഞ്ഞു. തിരക്കിന്റെ കാരണം ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെയെ വേലുച്ചാമിപുരത്തേക്ക് പോകാൻ അനുവദിച്ചില്ല.
പക്ഷേ, ടി.വി.കെയ്ക്ക്എന്തിനാണ് അനുമതി നൽകിയത്? ഒരു രാത്രിയിൽ 39 മൃതദേഹങ്ങൾ എങ്ങനെയാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്? പ്രതിപക്ഷ പാർട്ടികൾ സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി സംസാരിക്കണം. എന്നാൽ നിയമസഭയിൽ എല്ലാം നേരെ തിരിച്ചാണ് നടക്കുന്നത്. കരൂർ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതും ക്രമസമാധാന ചുമതലയുള്ള എഡി.ജി.പി പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമുണ്ട്- ഇ.പി.എസ് പറഞ്ഞു.
കരൂർ സംഭവത്തിൽ പ്രതിഷേധിച്ച് എല്ലാ അണ്ണാ ഡി.എം.കെ എം.എൽ.എമാരും കറുത്ത ബാൻഡ് ധരിച്ചാണ് നിയമസഭാ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ വിശദീകരണം ശരിയായില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് പോകണമെന്നും അല്ലെങ്കിൽ നടപടിയെടുക്കുമെന്നും സ്പീക്കർ അപ്പാവു മുന്നറിയിപ്പ് നൽകി. പിന്നീട് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |