SignIn
Kerala Kaumudi Online
Friday, 17 October 2025 1.23 AM IST

തേയിലക്കർഷകന്റെ ദുരിതം ചായക്കോപ്പയിലെ കൊടുങ്കാറ്റ്

Increase Font Size Decrease Font Size Print Page
as

രണ്ടിലയും നാമ്പും തങ്ങളുടെ ജീവിതം സുരഭിലമാക്കുമെന്ന പ്രതീക്ഷയിൽ തേയില കൃഷി തുടങ്ങിയ ചെറുകിട കർഷകരുടെ ജീവിതത്തിന് ഓരോ ദിവസം കഴിയുന്തോറും കടുപ്പമേറുകയാണ്. ഇടുക്കി, ഉപ്പുതറ, കുമളി, വണ്ടൻമേട്, പീരുമേട്, വാഗമൺ, ഉപ്പാർ, ശാന്തൻപാറ, ബൈസൺവാലി, വെള്ളത്തൂവൽ, പള്ളിവാസൽ, കൊന്നത്തടി, വാഴവര, അറക്കുളം, കാമാക്ഷി, തോപ്രാംകുടി തുടങ്ങിയ പ്രദേശങ്ങളിലെ പതിമൂവായിരത്തോളം കർഷകരുടെ മുഖ്യവിളയാണ് തേയില. അമ്പത് സെന്റ് മുതൽ അഞ്ച് ഏക്കർ സ്ഥലത്തു വരെ കൃഷി ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ നാളുകളായി പച്ചക്കൊളുന്ത് വില കുറയുന്നതും തേയിലച്ചെടികളിലെ രോഗകീടബാധകളും ജില്ലയിലെ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. തേയിലപ്പൊടി വില കുത്തനെ ഉയരുന്നതിനിടെയാണ് കൊളുന്ത് വില ഇടിയുന്നത്. ഉത്പാദനത്തിന് ആനുപാതികമായി കർഷകർക്ക് വില ലഭിക്കുന്നില്ല. 18 രൂപയാണ് ഇപ്പോഴത്തെ വില. വളംകീടനാശികളുടെ വില വർദ്ധനയും തൊഴിലാളികളും കൂലിയും കണക്കാക്കുമ്പോൾ കൊളുന്തിന് ഉയർന്ന വില ലഭിച്ചെങ്കിൽ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ രണ്ടുലക്ഷത്തോളം രൂപ പ്രാഥമിക ചെലവ് വരും. തുടർന്നുള്ള വർഷങ്ങളിലെ വളപ്രയോഗം, കുമിൾ കീടനാശിനികൾ തളിക്കൽ, തണൽ ക്രമീകരിക്കൽ, ജലസേചനം, കൊളുന്തെടുക്കൽ തുടങ്ങി ഫാക്ടറികളിൽ കൊളുന്ത് എത്തിച്ച് നൽകുന്നതിനും വൻ തുക വേറെയും ചെലവ് വരുന്നുണ്ട്.

വില നിശ്ചയിക്കുന്നത് വൻകിടക്കാർ
തേയിലക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു ടീ ബോർഡ് ഉണ്ടെങ്കിലും ചെറുകിട കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ചെടികൾ നട്ടുപിടിപ്പിക്കൽ, കവാത്ത്, ജലസേചന കുളങ്ങളുടെ നിർമ്മാണം തുടങ്ങിയവയ്ക്ക് സബ്സിഡി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചെറുകിടക്കാർക്ക് കിട്ടാറില്ല. കോടികൾ കേന്ദ്ര സർക്കാർ തേയിലക്കൃഷി വികസനത്തിനായി വകയിരുത്തിയിട്ടുണ്ടെങ്കിലും തുകയത്രയും വൻകിടക്കാരിലേയ്ക്ക് ഒഴുകുകയാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. കൊളുന്തുവില നിശ്ചയിക്കാൻ കർഷകർക്കോ കർഷക സംഘങ്ങൾക്കോ അവകാശമില്ല. ഗുണനിലവാരവും ഡിമാന്റും മുതൽ വില നിശ്ചയിക്കുന്നത് വരെ വൻകിട തേയില ഉത്പാദക കമ്പനികളാണ്. അവർ നിശ്ചയിക്കുന്ന സമയത്തും ഫാക്ടറികളിലും കൊളുന്ത് എത്തിച്ചു കിട്ടുന്ന വില വാങ്ങി സംതൃപ്തരാകണം. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് 25 രൂപയെങ്കിലും കിട്ടിയാലെ നഷ്ടമില്ലാതെ ഈ കൃഷി നടത്താനാകൂ എന്ന് കർഷകർ പറയുന്നു. വൻകിട തോട്ടങ്ങളിൽ കൊളുന്തെടുക്കൽ സജീവമായതോടെ ചെറുകിട കർഷകരുടെ കൊളുന്തിനു ഡിമാന്റ് കുറഞ്ഞിരിക്കുകയാണ്. ഇക്കാരണത്താൽ കൃഷിയിടങ്ങളിൽ പാകമായി നിൽക്കുന്ന ഇലകൾ പൂർണമായി എടുക്കാൻ കർഷകർ ഭയക്കുകയാണ്. ഇതുകാരണം ചെടിയിൽത്തന്നെ നിന്ന് കൊളുന്ത് മൂപ്പ് അധികമായി പാഴാകുന്ന സ്ഥിതിയുമുണ്ട്.

സ്ഥിരവില ലഭിക്കണം
രാത്രിയിൽ നല്ല മഴയും പകൽ നല്ല സൂര്യപ്രകാശവും ഒപ്പം തണുപ്പുമുള്ള കാലാവസ്ഥയിലാണ് തേയില ചെടികളിൽ നാമ്പ് പൊട്ടിമുളയ്ക്കുന്നത്. പലപ്പോഴും ഇത്തരം കാലാവസ്ഥ ഒത്തുവരുന്നത് അപൂർവ്വമാണ്. മഴ കൂടിയാലും പച്ചകൊളുന്തിന്റെ അളവ് കുറയും. നാലര കിലോഗ്രാം പച്ചക്കൊളുന്തിന് ഒരു കിലോഗ്രാം തേയിലപ്പൊടി കിട്ടുമെന്നാണു കണക്ക്. അതത് സമയത്തെ തേയിലപ്പൊടിയുടെ മാർക്കറ്റ് വിലയുടെ 15 ശതമാനം കൊളുന്ത് വിലയായി നൽകണമെന്ന് ടീ ബോർഡ് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കിലോഗ്രാമിന് ശരാശരി 18 രൂപയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കൊളുന്ത് വാടാതെ ഫാക്ടറികളിൽ എത്തിക്കുന്നതിനായി വെള്ളം തളിച്ചാണ് വാഹനങ്ങളിൽ കയറ്റുന്നത്. ജലാംശത്തിന്റെ പേരിൽ കമ്പനികൾ തൂക്കത്തിന്റെ 11ശതമാനം കുറയ്ക്കാറുണ്ട്. ലഭിക്കുന്ന വിലയിൽ മൂന്ന് രൂപയോളം വണ്ടിക്കൂലിയിനത്തിൽ ചെലവാകും.

തകർച്ചയ്ക്ക് കാരണം ഗാട്ട് കരാർ

ഇടുക്കിയിലെ തേയില വ്യവസായത്തിന് 200 വർഷം പഴക്കമുണ്ട്. ബ്രിട്ടീഷുകാർ ആദ്യം പീരുമേട്ടിൽ ആരംഭിച്ച തേയിലക്കൃഷി മൂന്നാറിലേക്ക് വ്യാപിപ്പിക്കാനും വൻതോതിൽ കയറ്റുമതി ചെയ്യാനും അവർക്ക് കഴിഞ്ഞു. 1991 വരെ പീരുമേട്ടിലെ തോട്ടം മേഖല വളരെ സജീവമായിരുന്നു. 1991ൽ ഗാട്ട് കരാർ നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ തേയിലയുടെ കയറ്റുമതി ലോക വിപണിയിൽ കുറഞ്ഞു. നിലവാരമില്ലാത്ത തേയില ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും ആരംഭിച്ചു. ഇത് തേയില വ്യവസായത്തിന്റെ തകർച്ചയ്ക്ക് കാരണമായി.

അതിർത്തി കടന്ന് തമിഴ്നാട് തേയില

ചെറുകിട കർഷകരുടെ വയറ്റത്തടിച്ച് തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ തേയില വ്യാപകമായി അതിർത്തി കടന്നെത്തുന്നുണ്ട്. പ്രധാനമായും ഊട്ടിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തേയിലയാണ് കൊളുന്ത് വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിലെ ഫാക്ടറികളിലെത്തിക്കുന്നത്. മൂന്നാർ ഉൾപ്പടെയുള്ള കേരളത്തിലെ തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന തേയിലയുടെ നാലിലൊന്ന് പോലും ഗുണമേന്മയില്ലാത്തവയാണ് അതിർത്തി കടന്നെത്തുന്നത്. ഇവ ചെക്‌പോസ്റ്റുകളിൽ പരിശോധനകളൊന്നുമില്ലാതെ നിർബാധം അതിർത്തി കടന്നെത്തുകയാണ്. സംസ്‌കരണ വേളയിൽ ഇവ നാടൻ തേയിലയ്‌ക്കൊപ്പം കലർത്തി കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഇതുകാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച തേയില ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ ചെറുകിട കർഷകരുടെ തേയില വാങ്ങാൻ ഫാക്ടറികൾ തയ്യാറാകുന്നുമില്ലെന്നതാണ് സ്ഥിതി.

TAGS: MUNANR, TEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.