തിരുവനന്തപുരം: എ.ഡി.എം നവീൻബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോഴും തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നവീൻബാബുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം. കുടുംബം സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിട്ടും സർക്കാർ അതിനെ എതിർത്തു. അന്വേഷണത്തിലേക്ക് പോയാൽ ഇപ്പോൾ കുടുങ്ങിയവർക്ക് പുറമെ മറ്റ് പലരും കുടുങ്ങുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ലൈഫ് മിഷനിലാണോ ലാവലിൻ കേസിലാണോ ഇ.ഡിനോട്ടീസെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നോട്ടീസ് ലാവലിൻ കേസിലാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി സി.പി.എം രാഷ്ട്രീയ ബാന്ധവമുള്ളതുകൊണ്ടാണ് ഇ.ഡി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാത്തത്. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ആർ.എസ്.എസ് നേതാവ് ഹൊസബളയെ സന്ദർശിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പോയത്. കൊടകര കുഴൽപ്പണ കേസിൽ എല്ലാ ബി.ജെ.പി നേതാക്കളെയും രക്ഷപ്പെടുത്തി. ഇതെല്ലാം ഈ നോട്ടീസിന്റെ ഭാഗമാണെന്നും സതീശൻ ആരോപിച്ചു.
കേരളം മുഴുവൻ ബഹുമാനിക്കുന്ന ജി. സുധാകരനെ പോലെ സമുന്നതനായ നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സി.പി.എം അധഃപതിച്ചു. നീതിമാനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ 140 നിയോജക മണ്ഡലങ്ങളിലും അദ്ദേഹം ഒരു പോലെയാണ് പണം അനുവദിച്ചിരുന്നത്. എല്ലാവരോടും മാന്യമായി ഇടപെടുന്ന ബൗദ്ധിക പശ്ചാത്തലമുള്ള അദ്ദേഹത്തെ പോലും വെറുതെ വിടില്ല. കാരണം അദ്ദേഹം വിദൂഷക സംഘത്തിനൊപ്പമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |