ചെന്നൈ: ടി.വി.കെ റാലി കരൂരിൽ എത്താൻ ഏഴു മണിക്കൂർ വൈകിയതുകൊണ്ടാണ് 41 പേർ മരിച്ച ദുരന്തമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 'വിജയ്' എന്ന പേര് പറയാതെ ടി.വി.കെ നേതാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു സ്റ്റാലിൻ നിയമസഭയിൽ കരൂർ സംഭവം വിശദീകരിച്ചത്.
ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചിട്ട് 7 മണിക്കൂർ കഴിഞ്ഞാണ് ടി.വി.നേതാവ് എത്തിയത്. ഈ കാലതാമസമാണ് തിരക്കിന് കാരണം. ഭക്ഷണവും വെള്ളവും ഉൾപ്പെടെ ആളുകൾക്ക് ഒരു ക്രമീകരണവും സംഘാടകർ ഒരുക്കിയില്ല.
വലിയ ജനക്കൂട്ടം കാരവാനെ പിന്തുടർന്നു. പൊലീസ് ബസ് നിറുത്താൻ ആവശ്യപ്പെട്ടിട്ടും സംഘാടകർ വിസമ്മതിച്ചു. പൊലീസ് ഉപദേശം ലംഘിച്ച് പ്രചാരണ വാഹനം ജനക്കൂട്ടത്തിലേക്ക് പ്രവേശിച്ചത് ബഹളത്തിനും തിക്കിനും തിരക്കിനും കാരണമായി. ചിലർ ജനറേറ്റർ മുറിയിൽ പ്രവേശിച്ചു,ഓപ്പറേറ്റർ അത് ഓഫ് ചെയ്തു. സംഘാടകർ നേരത്തെ ആംബുലൻസുകൾ ഒരുക്കിയിട്ടില്ലാത്തതിനാൽ പൊലീസ് ഉടനെ ആംബുലൻസുകൾ എത്തിച്ചു. എന്നാൽ ടി.വി.കെ പ്രവർത്തകർ രണ്ട് ആംബുലൻസുകൾ ആക്രമിച്ചു. ഇത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി.
ഇരകളുടെ കുടുംബങ്ങൾക്ക് ആകെ 4.87 കോടി രൂപ നഷ്ടപരിഹാരം നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഏകാംഗ കമ്മിഷനും ഒരു പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്.ഒ.പി) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കേസ് സി.ബി.ഐ.ക്ക് കൈമാറിക്കൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ അന്തിമ വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് എം.കെ.സ്റ്റാലിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |