SignIn
Kerala Kaumudi Online
Saturday, 18 October 2025 12.27 PM IST

യാത്രയും എഴുത്തും സംഗമിക്കുന്ന 'യാനം'

Increase Font Size Decrease Font Size Print Page
yanam

എഴുത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട് സഞ്ചാര സാഹിത്യത്തിന്. ഇന്നത്തെ കേരളത്തിന്റെ ചരിത്രം ചികയുമ്പോൾ, പതിനാലാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഇബ്നു ബത്തൂത്തയും ഫെർഡിനാന്റ് മഗല്ലനും ഉൾപ്പെടെയുള്ള പല സഞ്ചാരികളിലൂടെയും നമുക്ക് കടന്നുപോകാതിരിക്കാനാകില്ല. പാറേമാക്കൽ തോമക്കത്തനാരുടെ റോമായാത്ര യോടെയാണ് മലയാളത്തിന്റെ സഞ്ചാരസാഹിത്യം ആരംഭിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളെയും മലയാളികളുടെ വായനക്കാരായ നമ്മുടെ മുൻതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തതാകട്ടെ എസ്.കെ. പൊറ്റെക്കാട് ആയിരുന്നു.

നിരന്തരം യാത്ര ചെയ്യുന്നവരും യാത്രകൾക്ക് സൗകര്യമുള്ളവരും യാത്രകളെപ്പറ്റി എഴുതുന്നവരും കേരളത്തിൽ വളരെക്കുറവായിരുന്ന ഒരു കാലത്ത്‌,​ കോഴിക്കോട്ടുകാരനായിരുന്ന പൊറ്റെക്കാട് ഇങ്ങനെയും ചില ഇടങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ടെന്ന് മലയാളിക്ക് പരിചയപ്പെടുത്തിത്തന്നു. അവിടങ്ങളിലെ ജീവിതരീതികളും ഭാഷയും ഭക്ഷണവും വസ്ത്രധാരണ രീതികളുമൊക്കെ നമുക്ക് പരിചിതമായത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ ചരിത്രപുസ്തകങ്ങളും യാത്രാവിവരണങ്ങളും ഒരുകാലത്ത് പരസ്പരം ബന്ധിപ്പിക്കപ്പെട്ടുകിടന്നിരുന്നു.
ഇന്ന്, ലോകം കാണുകയെന്നത് അത്ര അപ്രാപ്യമായ കാര്യമല്ല.ലോകം കേരളത്തെ കാണുന്നതും അങ്ങനെതന്നെയാണ്. ഒരുകാലത്ത് സഞ്ചാരസാഹിത്യമെന്നത് യാത്രവിവരണം മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് ട്രാവലോഗുകളായി മാറി. യാത്രയ്ക്ക് പരസ്പര സംഭാഷണത്തിന്റെ സ്വഭാവം കൈവന്നു. എഴുത്തിൽനിന്നു മാറി,​ മലയാളികളെ യാത്രയുടെ ദൃശ്യലോകത്തേക്ക് എത്തിച്ചത് സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരങ്ങളായിരുന്നു. യൂട്യൂബും റീൽസുമൊക്കെ വന്നതോടെ യാത്രാനുഭവങ്ങൾ പലതലങ്ങളിലേക്ക് വികസിച്ചു. കൈയിൽ മൊബൈൽ ഫോണുള്ള ആർക്കും യാത്രയെപ്പറ്റി പറയാനും കാഴ്ചകൾ പകർത്തി മറ്റുള്ളവരുമായി പങ്കിടാനുമായി. ലോകം ആഗോള ഗ്രാമമായി ചുരുങ്ങുന്നത് ഇങ്ങനെയൊക്കെയാണെന്നു വന്നു. നാടിന്റെ മുക്കിലും മൂലയിലുമുള്ള ചെറിയ ചെറിയ ഇടങ്ങളും കൗതുകങ്ങളും വരെ നമ്മുടെ മൊബൈൽ ഫോണുകളിലൂടെ നമ്മെത്തേടിയെത്താൻ തുടങ്ങി.
സഞ്ചാര സാഹിത്യത്തിന്റെയും ദൃശ്യസഞ്ചാരങ്ങളുടെയും മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേരള ടൂറിസം,​ യാത്രയുമായി ബന്ധപ്പെട്ടവരുടെ വലിയൊരു സാഹിത്യോത്സവത്തിന് അരങ്ങൊരുക്കുന്നത്. ഇന്നു മുതൽ 19 വരെ വർക്കലയിൽ നടക്കുന്ന 'യാനം" ട്രാവൽ ലിറ്റററി ഫെസ്റ്റിവലാണ് അത്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് 'യാനം" ഫെസ്റ്റിവെൽ. ഇത്തരമൊരു ആശയം രാജ്യത്തുതന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. എഴുത്ത്, ഫേട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനെസ്) തുടങ്ങിയ വിഷയങ്ങളിൽ വിജ്ഞാനപ്രദമായ പരിശീലനക്കളരികളും 'യാന" ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും യാത്രാ എഴുത്തുകാർ, കലാകാരന്മാർ, ഡോക്യുമെന്ററി സംവിധായകർ, വ്‌ളോഗർമാർ, യാത്രാപ്രേമികൾ, പാചകരംഗത്തെ പ്രഗത്ഭർ എന്നിവരുടെ കൂടിച്ചേരലിനുകൂടി ഇവിടം വേദിയൊരുക്കുന്നു. ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാഷ്യൻ അവാർഡ്‌ നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, ഗ്രാമി അവാർഡ്‌ ജേതാവായ സംഗീതജ്ഞൻ പ്രകാശ്‌സോൺതെക്ക, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവിയും നാടകകൃത്തും യാത്രാ എഴുത്തുകാരിയുമായ പ്രൊഫ. നതാലി ഹാൻഡൽ, പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവരുൾപ്പെടെ 33 പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് 'യാനം" ഫെസ്റ്റിലുള്ളത്. 'സെലിബ്രേറ്റിംഗ്‌ വേഡ്സ് ആൻഡ് വാണ്ടർലസ്റ്റ്" എന്നതാണ് ഫെസ്റ്റിവെലിന്റെ കേന്ദ്ര പ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാലബന്ധത്തെ ഇത് എടുത്തുകാണിക്കുന്നു.
നൂതനമായ കാമ്പയിനുകളിലൂടെ അന്താരാഷ്ട്ര പ്രശംസ നേടിയ കേരള ടൂറിസത്തിന്റെ കൈയൊപ്പ് പതിഞ്ഞ വൈവിദ്ധ്യമാർന്ന പരിപാടിയായിരിക്കും 'യാനം." പ്രധാനപ്പെട്ട മൈസ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കേരളത്തിന്റെ സന്നദ്ധതയുടെ തെളിവായിരിക്കും ഇത്. 'യാനം" ഒരു യാത്രാ സാഹിത്യോത്സവം മാത്രമല്ല, യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമംകൂടി ആയിരിക്കും. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക്‌ കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകൾ ലോകത്തിന് പരിചയപ്പടുത്താനും ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നു. സാഹിത്യോത്സവങ്ങൾ ധാരാളം നടക്കുന്ന നമ്മുടെ നാട്ടിൽ സഞ്ചാര സാഹിത്യത്തിനു മാത്രമായൊരു ഫെസ്റ്റിവൽ എഴുത്തിനെയും യാത്രകളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്.
അതിഥികളെ സ്‌നേഹത്തോടെ സ്വീകരിക്കുന്നകേരളം, ലോകത്തെമ്പാടും ഇന്ന് അതിഥികളായി ചെല്ലുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് സംസ്‌കാരത്തിന്റെയും ജീവിതരീതികളുടെയും കൊടുക്കൽവാങ്ങലുകൾ കൂടിയാണ്. 'കൗച്ച് സർഫിംഗ്‌" പോലുള്ള,​ യാത്രാരംഗത്തെ ആഗോള മാതൃകകൾ കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. സ്ത്രീകളും യുവാക്കളും ഒറ്റയ്ക്കുള്ള യാത്രകൾക്കുപോലും തയ്യാറാകുന്നു. പ്രായമായവർ പലരും പഴയ സുഹൃത്തുക്കളുമൊത്ത് കൂട്ടംചേർന്ന്‌ ലോകം കാണുന്നു. കേരളത്തിലേക്കും അതുപോലെ സഞ്ചാരികളെത്തുന്നു. യാത്രയുടെ തലങ്ങൾ മാറുന്ന ഇക്കാലത്ത് യാത്രകളുമായി ബന്ധപ്പെട്ടവരുടെ അപൂർവ സംഗമത്തിനു കൂടി വേദിയൊരുക്കി കേരളം വിനോദസഞ്ചാര രംഗത്ത് ഒരുചുവടുകൂടി മുന്നോട്ടു വയ്ക്കുകയാണ്.

TAGS: YANAM, KERALA, TURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.