ന്യൂഡല്‍ഹി: കണ്‍ഫോമായ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ വലിയ തുകയാണ് ക്യാന്‍സലേഷന്‍ ഫീസ് ഇനത്തില്‍ റെയില്‍വേ ഈടാക്കിയിരുന്നത്. യാത്ര നിശ്ചയിച്ചിരുന്ന തീയതിയില്‍ മാറ്റം വന്നാല്‍ ടിക്കറ്റ് റദ്ദാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല യാത്രക്കാരനെ സംബന്ധിച്ച്. എന്നാല്‍ ഈ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ പോകുകയാണ് റെയില്‍വേ. ഇനി മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഒരു രൂപ പോലും ഫീസായി റെയില്‍വേ ഈടാക്കില്ല. 2026 ജനുവരി മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനത്തില്‍ പണം നഷ്ടപ്പെടാതെ യാത്രാ തീയതിയില്‍ മാറ്റം വരുത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയിലെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാല്‍ ഇനി മുതല്‍ പ്രത്യേക തുക നല്‍കാതെ ഓണ്‍ലൈനായി തന്നെ തീയതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ തീയതി മാറ്റുന്നതുകൊണ്ട് ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ പുതിയതായി ബുക്കിംഗ് മാറ്റുന്ന തീയതിയിലെ ട്രെയിനിലെ ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തേണ്ടി വരുമെന്ന് മാത്രം. നിലവിലുള്ള രീതിയില്‍ ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റിന് വലിയ തുക ഈടാക്കുന്ന രീതി യാത്രക്കാര്‍ക്ക് സ്വീകാര്യമല്ലെന്ന് മനസ്സിലാക്കിയാണ് പുതിയ മാറ്റമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉള്‍പ്പെടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വലിയ തുക നഷ്ടം വരുമായിരുന്നു യാത്രക്കാര്‍ക്ക്.
പതിവ് യാത്രക്കാര്‍ക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവര്‍ക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതല്‍ പ്രയോജനം ചെയ്യുക. ഇപ്പോഴത്തെ ക്യാന്‍സലേഷന്‍ നിയമം അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതല്‍ 12 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതല്‍ 4 മണിക്കൂര്‍ മുമ്പുള്ള റദ്ദാക്കലുകള്‍ക്ക് പിഴ കൂടുതലാണ്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ റദ്ദാക്കലുകള്‍ക്ക് പണം തിരികെ ലഭിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |