ബംഗളൂരു: അറിവ് കൊണ്ട് ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാർ. എന്നാൽ ആ അറിവ് ജീവനെടുക്കാനുപയോഗിച്ച ഡോക്ടറാണ് ഇപ്പോൾ ചർച്ചാവിഷയം. അതും ഭാര്യയുടെ. ഏപ്രിൽ 23നാണ് ത്വക്ക് രോഗ വിദഗ്ദ്ധയായ ഡോ.കൃതിക റെഡ്ഡിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആറ് മാസത്തിനുശേഷം തെളിഞ്ഞു, കൃതികയുടെ ഭർത്താവും ഡോക്ടറുമായ മഹേന്ദ്ര റെഡ്ഡി സൂക്ഷ്മമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ കൊലപാതകമാണ് അതെന്ന്. ഉഡുപ്പി മണിപ്പാൽ സ്വദേശിയും ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെ സർജനുമായ മഹേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പാണ് കൃതികയും മഹേന്ദ്രയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ദീർഘകാലമായി ഗ്യാസ്ട്രിക്, മെറ്റബോളിക് പ്രശ്നങ്ങളുണ്ട്. ഇതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹത്തിന് മുമ്പ് കൃതികയുടെ കുടുംബം ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്താത്തതും ഇയാളെ അസ്വസ്ഥനാക്കി. ഇതോടെ കൊലപാതകം ആസൂത്രണം ചെയ്തു.
ചികിത്സയുടെ മറവിൽ കൃതികയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
ഏപ്രിൽ 21ന് കൃതികയ്ക്ക് അസ്വസ്ഥതകളുണ്ടായപ്പോൾ മഹേന്ദ്ര ഇൻട്രാവണസ് മരുന്ന് അമിത അളവിൽ നൽകി. വയറ്റിലെ അസ്വസ്ഥതകൾ മാറാനാണെന്നാണ് അറിയിച്ചത്. പിന്നീട് വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിലെത്തിക്കുകയും മറ്റൊരു ഡോസ് കൂടി നൽകുകയും ചെയ്തു. കുത്തിവയ്പെടുത്ത സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക അറിയിച്ചു.
എന്നാൽ ആശ്വസിപ്പിച്ച മഹേന്ദ്ര വീണ്ടും മരുന്ന് നൽകി. പിറ്റേന്ന് രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഡോക്ടറായിരുന്നിട്ടും മഹേന്ദ്ര സി.പി.യുവിന് പോലും ശ്രമിക്കാത്തത് സംശയത്തിന് കാരണമായി. ഭാര്യയ്ക്ക് ആരോഗ്യമില്ലെന്നും ചികിത്സയിലാണെന്നുമാണ് അന്ന് മഹേന്ദ്ര പറഞ്ഞത്. അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |