ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഡ്വ. രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തുടക്കമിടാൻ അറ്രോർണി ജനറൽ ആർ. വെങ്കട്ടരമണി അനുമതി നൽകി. കോടതിയലക്ഷ്യഹർജി സമർപ്പിക്കാൻ അനുമതി നൽകണമെന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വികാസ് സിംഗിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാൽ, ഇന്നലെ ഇക്കാര്യം സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ ജഡ്‌ജിമാർ അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. കോടതിയലക്ഷ്യ നടപടികൾക്കായി വിഷയം ഉടൻ ലിസ്റ്റ് ചെയ്യണമെന്ന് അഡ്വ. വികാസ് സിംഗും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ആവശ്യപ്പെട്ടപ്പോൾ, എന്തിനാണ് വിഷയം വീണ്ടും കുത്തിപൊക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആ പ്രശ്‌നം സ്വാഭാവികമായി അവസാനിക്കട്ടെ. അക്രമിക്കെതിരെ നടപടി വേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പരമോന്നത കോടതിയെ ബാധിക്കുന്നതല്ല. വിശുദ്ധ ഗ്രന്ഥങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. കോടതിയലക്ഷ്യ നടപടികളിലേക്ക് പോകുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വിവാദത്തെ സജീവമാക്കി നിർത്തുകയേ ഉള്ളൂവെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഉത്തരവാദിത്ത ബോധമില്ലാത്ത പൗരന്റെ പ്രവൃത്തിയെന്ന മട്ടിലാണ് ചീഫ് ജസ്റ്റിസ് സംഭവത്തെ കണ്ടതെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. അവസാനിച്ച വിഷയം. കോടതിയുടേത് വിലപ്പെട്ട സമയമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കിത് പണമുണ്ടാക്കാനുള്ള അവസരങ്ങളാണെന്നും കൂട്ടിച്ചേർത്തു. അക്രമി യാതൊരു തരത്തിലുമുള്ള പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയപ്പോൾ ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |