തിരുവനന്തപുരം: ജി.എസ്.ടി ഇളവ് നിലവിൽ വന്ന് മാസമൊന്നായിട്ടും നിത്യോപയോഗ സാധനവില കുറയ്ക്കാത്തവർക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം. വ്യാപാരികൾക്ക് പിഴ ചുമത്തും. നിർമ്മാതാക്കൾക്ക് ഇൻപുട്ട് ടാക്സും നിഷേധിക്കും. ഇതിനായി ആന്റിപ്രോഫിറ്റീറിംഗ് നിയമം വീണ്ടും നടപ്പാക്കും.
2017ൽ നടപ്പാക്കിയെങ്കിലും ചില സംസ്ഥാനങ്ങളും വ്യവസായികളും എതിർപ്പ് ശക്തമാക്കിയതോടെ 2022ൽ മരവിപ്പിച്ചിരുന്നു. വീണ്ടും എങ്ങനെ വേണമെന്ന് നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദ്യം മുന്നറിയിപ്പ്. കുറ്റം ആവർത്തിച്ചാൽ കടുത്ത പിഴ, ലൈസൻസ് റദ്ദാക്കൽ എന്ന രീതിയിലാവും കൊണ്ടുവരിക. സമിതി റിപ്പോർട്ട് ജി.എസ്.ടി കൗൺസിൽ ചർച്ചചെയ്തിട്ടേ തീരുമാനത്തിലേക്ക് പോകൂ. കേരളം, ബംഗാൾ, തമിഴ്നാട് തുടങ്ങി ബി.ജെ.പി ഇതര സർക്കാരുകൾ ആന്റിപ്രോഫറ്റീറിംഗ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
റെയ്ഡ്, കേസ്
1. ജി.എസ്.ടി നിയമത്തിലെ 171-ാം വകുപ്പ് പ്രകാരമുള്ളതാണ് ആന്റിപ്രോഫിറ്റീറിംഗ്. നികുതി കുറച്ചത് വിലയിൽ കാണിക്കാതെ അന്യായമായി ലാഭം കൊയ്യുന്നവർ കുടുങ്ങും
2. ഇതിനായി പൊലീേസ് ഉൾപ്പെട്ട സ്ക്വാഡ്, ഇന്റലിജൻസ് വിംഗ്, കോംപറ്റീഷൻ കമ്മിഷൻ, ആന്റിപ്രോഫറ്റീറിംഗ് അതോറിട്ടി, ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവ ഇതോടൊപ്പം വരും
വില കുറയേണ്ടത്
175 ഉത്പന്നങ്ങൾക്ക്
ചട്നി മുതൽ കാർ വരെ 175 ഉത്പന്നങ്ങൾക്കും ഇൻഷ്വറൻസ് സേവനത്തിനും നികുതി ഇളവ് സെപ്തംബർ 22നാണ് നിലവിൽവന്നത്
എന്നാൽ, മിക്ക ഇനങ്ങളിലും വിലക്കുറവ് ജനത്തിന് കിട്ടുന്നില്ലെന്ന് മാർക്കറ്റ് സർവേയിൽ കേന്ദ്രസർക്കാർ കണ്ടെത്തി
ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് മേഖലയിൽ മാത്രമാണ് നികുതി കുറച്ചതിന് ആനുപാതികമായി വിലക്കുറവ് കിട്ടുന്നത്
നവംബറോടെ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം കേന്ദ്ര നിർദ്ദേശങ്ങൾക്കനുസരിച്ച് നടപടിയെടുക്കും.
- സംസ്ഥാന ജി.എസ്.ടി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |