തിരുവനന്തപുരം: ബഡ്‌ജറ്റ് ടൂറിസം പാക്കേജുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി വരുമാനം കൂട്ടാനുള്ള നടപടികളുമായി കെഎസ്ആർടിസി.ഇതിന്റെ ഭാഗമായി പാക്കേജുകളിലെ തീർത്ഥാടകൾക്ക് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മുൻഗണന നൽകുംവിധം പ്രത്യേക ദർശന സംവിധാനം വരും എന്നാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ കെഎസ്ആർടിസിയും ദേവസ്വം അധികൃതരുമായി പ്രാഥമിക ചർച്ച നടന്നു. എന്നാൽ അന്തിമതീരുമാനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേത്രങ്ങളിൽ ദർശനത്തിന് മുൻഗണന കിട്ടിയാൽ അതുവഴി കൂടുതൽ യാത്രക്കാരെ കിട്ടുമെന്നും വരുമാനം ഉയർത്താനാവുമെന്നുമാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
തിരുവിതാംകൂർ ദേവസ്വം ഉൾപ്പെടെയുളള ദേവസ്വംബോർഡുകൾ ഇക്കാര്യത്തിൽ സന്നദ്ധത അറിയച്ചുവെന്നാണ് കെഎസ്ആർടിസി സൂചിപ്പിക്കുന്നത്. നിലവിൽ പഞ്ചപാണ്ഡവക്ഷേത്രം ഉൾപ്പെടെ നിരവധി തീർത്ഥാടക പാക്കേജുകൾ ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി നിലിവിലുണ്ട്. ഇതുകൂടാതെ മധുര, രാമേശ്വരം, പളനി ഉൾപ്പെടെയുള്ള പ്രധാന ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ടൂർപാക്കേജുകൾ തുടങ്ങാൻ കെഎസ്ആർടിസി ഒരുങ്ങുന്നുണ്ട്. കൊടൈക്കനാൽ, ഊട്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പാക്കേജുകളും പരിഗണനയിലുണ്ട്.
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബറിലാണ് ബഡ്‌ജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. ജനങ്ങൾ ഇരുകൈയും നീട്ടി ഇതിനെ സ്വീകരിക്കുകയായിരുന്നു. ജനങ്ങളുടെ പൂർണസഹകരണം ഉള്ളതിനാലാണ് ചെറിയൊരു കല്ലുകടിപോലുമില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |