രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനാവുന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്. നിതീഷ് സഹദേവിന്റെ ചിത്രത്തിനുശേഷം മിക്കവാറും രഞ്ജിത്ത് ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിനുവേണ്ടിയാണ് മമ്മൂട്ടിയും രഞ്ജിത്തും അവസാനം ഒരുമിച്ചത്. മമ്മൂട്ടി നായകനായി കൈയൊപ്പ് , പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് , ബ്ളാക്ക്, പ്രജാപതി, പുത്തൻപണം, കടൽ കടന്നൊരു മാത്തുക്കുട്ടി , പാലേരി മാണിക്യം എന്നീ ചിത്രങ്ങൾ രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്.
അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാട്രിയറ്റിന്റെ തുടർ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുന്നു. മമ്മൂട്ടിയും സെറിൻ സിഹാബും ആണ് ലണ്ടൻ ഷെഡ്യൂളിലെ താരങ്ങൾ.
പാട്രിയറ്റിന്റെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആണ്. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടി, മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പങ്കെടുക്കും.പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആണ് പാട്രിയറ്റ് എന്ന് ടീസർ സൂചന നൽകുന്നു. രാജ്യാന്തര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതാണ് ചിത്രത്തിലെ ദൃശ്യങ്ങൾ. രേവതി, ദർശന രാജേന്ദ്രൻ , ഗ്രേസ് ആന്റണി തുടങ്ങി നീണ്ട താരനിരയുമുണ്ട്. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട 12 വർഷങ്ങൾക്കുശേഷം ഒരുമിച്ച് എത്തുകയാണ്. ചിത്രത്തിന്റെ രചനയും മഹേഷ് നാരായണനാണ്.
മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |