കാക്കനാട്: ഇൻഫോപാർക്കിന് സമീപമുള്ള ആഡംബര ഹോട്ടലിൽ മുറിയെടുത്തെന്ന വ്യാജേനെ 129000രൂപ വരുന്ന സൺഗ്ലാസുകൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോഴിക്കോട് തിക്കോടി സ്വദേശി റഹിലിനെ(31) കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടി. കഴിഞ്ഞദിവസമായിരുന്നു സംഭവം. സൺഗ്ലാസ് വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ഫോൺ ചെയ്ത് വിലകൂടിയ സൺഗ്ലാസുകൾ തന്റെ മുതലാളിക്ക് ആവശ്യമാണെന്ന് പറഞ്ഞു. തുടർന്ന് 129000/-രൂപ വില വരുന്ന സൺഗ്ലാസുമായി ആഡംബര ഹോട്ടലിൽ എത്തിയ സെയിൽസ്മാന്റെ കൈയിൽ നിന്ന് സൺഗ്ലാസുകൾ മുതലാളിയെ കാണിക്കാൻ ആണെന്ന് പറഞ്ഞു വാങ്ങി തന്ത്രപൂർവം ഇയാൾ മുങ്ങുകയുമായിരുന്നു. തുടർന്ന് കടയുടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. വിവിധ പോലീസ് സ്റ്റേഷനുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി സൺഗ്ലാസുകൾ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായി പതിനാറോളം കേസുകൾ ഉണ്ട്. ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. സജീവ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ എ.ജി.സജീവ്, വി. എ.ബദർ, എ.എസ്.ഐ സജിത് കുമാർ, സി.പി.ഒ കണ്ണൻ, കളമശേരി പൊലീസ് സി.പി.ഒ. കെ.പി. വിനു, മാഹിൻ അബൂബക്കർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ സി.പി.ഒ. മാരായ പ്രശാന്ത് ബാബു, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |