കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള കൃഷിയിടത്തിലെ കിണറ്റിൽ വീണത് പുലിയാണെന്ന് തിരിച്ചറിഞ്ഞു. വനംവകുപ്പ് കിണറ്റിൽ സ്ഥാപിച്ച ക്യാറയിൽ നിന്നാണ് പുലിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടുദിവസം മുമ്പാണ് പുലി കിണറ്റിൽ വീണത്.
കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പുലി വീണത്. കിണറിനകത്ത് ഒരു ഗുഹയുണ്ട്. പുലി ഇതിലേക്ക് കയറിപ്പോയിരുന്നു. അജ്ഞാത ജീവി കിണറ്റിൽ വീണെന്ന തരത്തിലായിരുന്നു വാർത്ത പരന്നത്. തുടർന്ന് ഡിസ്ട്രിക് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമറ കിണറ്റിലിറക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നാണ് ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കിണറ്റിൽ കൂട് സ്ഥാപിച്ച് പുലിയെ പുറത്തിറക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
ചൊവ്വാഴ്ച വൈകിട്ടാണ് പുലി കിണറ്റിൽ വീണത്. പുലിയുടേതെന്ന് കരുതുന്ന ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞിരുന്നു. ഇരുട്ട് വീണതിനാൽ അപ്പോൾ പരിശോധന നടത്താനായില്ല. ബുധനാഴ്ച കുര്യനും അയൽക്കാരും ചെന്നുനോക്കിയപ്പോൾ ഇതിനെ കണ്ടു. എന്നാൽ പുലിയാണോ കടുവയാണോയെന്ന് മനസിലായില്ല. അളുകളുടെ ശബ്ദം കേട്ടതോടെ പുലി കിണറ്റിനുള്ളിലെ ഗുഹയിലേക്ക് പോകുകയായിരുന്നു.
കിണറിന്റെ ഒരു വശത്ത് പുലിയുടെ കാൽപ്പാട് പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി ചിലർ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ സമീപ പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |