'സിംഹം ഒന്നിനേയും വെറുതെ തൊടില്ല, തൊട്ടാൽ വിടില്ല... ഒരു സിംഹത്തിന് ആൾക്കൂട്ടത്തിൽ എങ്ങനെ ജീവിക്കണമെന്നും ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണമെന്നും അറിയാം." ആഗസ്റ്റ് 21ന് മധുരയിൽ നടന്ന ടി.വി.കെയുടെ സമ്മേളനത്തിൽ പാർട്ടി അദ്ധ്യക്ഷൻ വിജയ് പറഞ്ഞ ഈ മാസ് ഡയലോഗ് കേട്ട് കൈയടിച്ചവരോട് മറ്റുള്ളവർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 'എവിടെ നിങ്ങളുടെ ഹീറോ? മാളത്തിനുള്ളിലേക്ക് ഓടിയൊളിച്ച ഹീറോയ്ക്ക് ഇതുവരെ പുറത്തിറങ്ങാറായില്ലേ?" ഉത്തരമില്ല!
ആറുമാസത്തെ രാഷ്ട്രീയ പ്രവർത്തനം നടത്തി ആരാധകരെ ഇളക്കി മറിച്ച് തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് പടനയിച്ചു വന്ന ദളപതി, ഒരു പ്രതിസന്ധിയുണ്ടായപ്പോൾ പട ഉപേക്ഷിച്ച് അരമനയിലേക്ക് ഓടിയൊളിച്ചിരിക്കുന്നു! ഇപ്പോൾ അനാഥരായത് പോരാളികളാണ്. കരൂർ ദുരന്തത്തിന് ഒരുമാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിജയ് പുറത്തിറങ്ങാത്തതിൽ അസ്വസ്ഥരാണ് അണികൾ. വിജയ്യുടെ സമീപനത്തിൽ അണികൾക്കുണ്ടാകുന്നത് നിരാശയാണെങ്കിൽ ടി.വി.കെയുടെ രണ്ടാമത്തെ നേതാവ് ജനറൽ സെക്രട്ടറി ബുസി ആനന്ദിനോടുള്ളത് കോപമാണ്. കേസിൽ പ്രതിയായ ആനന്ദ് ഇപ്പോൾ ഒളിവിലാണെന്നാണ് ഔദ്യോഗിക ഭാഷ്യം.
കരൂർ ദുരന്തത്തിന്റെ അന്വേഷണം സുപ്രീംകോടതി സി.ബി.ഐക്ക് കൈമാറിയത് ടി.വി.കെയ്ക്ക് താത്ക്കാലിക ആശ്വാസമാണ് ലഭിച്ചത്. അന്നുമുതൽ ബുസി ആനന്ദിനെതിരെ പ്രതിഷേധം ആരംഭിച്ചു. ''ഞങ്ങളെ നയിക്കേണ്ട നേതാക്കൾ എവിടെ? കരൂർ സംഭവത്തിനുശേഷം പ്രധാന നേതാക്കൾ ഒളിവിൽ പോയി. ഇതോടെ പ്രവർത്തകർക്ക് ദിശാബോധമില്ലാതായി. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഞങ്ങൾ എവിടെയാണ് നിൽക്കുന്നത്?"" ഇങ്ങനെ തുടരുന്ന ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. വിജയ്ക്ക് പുറത്തിറങ്ങാനുള്ള സ്ക്രിപ്റ്റ് റെഡിയായില്ലേ എന്നാണ് ഡി.എം.കെ നേതാക്കളുടെ പരിഹാസ ചോദ്യം.
മാസ് ഡയലോഗുകളടങ്ങിയ സ്ക്രിപ്റ്റ് വേറെ ആരോ തയ്യാറാക്കുന്നതാണെന്നും സിനിമയിലെന്ന പോലെ വിജയ് അത് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വിക്രവാണ്ടിയിൽ നടന്ന ടി.വി.കെയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ആക്ഷേപം ഉയർന്നെങ്കിലും അതൊന്നും ഏശിയിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. പ്രത്യേകിച്ച് വിജയ്ക്ക് രാഷ്ട്രീയ പക്വതയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ച ശേഷം. മധുരയിലെ സമ്മേളനത്തിനു ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്യുടെ തമിഴക വെട്രി കഴകം 15% വോട്ട് നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിൽ നിന്ന് സംസ്ഥാന പ്രചാരണയാത്ര വിജയ് ആരംഭിച്ചപ്പോഴേക്കും ടി.വി.കെ സമാഹരിക്കുമെന്ന് കണക്കുകൂട്ടുന്ന വോട്ട് ശതമാനം 20% ആയി വർദ്ധിച്ചു. ഡിസംബർ 20ന് മധുരയിൽ യാത്ര സമാപിക്കുമ്പോൾ അത് എത്ര വർദ്ധിക്കുമെന്ന് എതിരാളികൾ ഭയപ്പെട്ടു തുടങ്ങിയപ്പോഴാണ് സെപ്തംബർ 27ലെ കരൂർ ദുരന്തം.
തന്ത്രങ്ങൾ നെയ്ത് സ്റ്റാലിൻ
41 പേരുടെ മരണം സംഭവിച്ചിട്ടും വിജയ്യെ അറസ്റ്റ് ചെയ്യുന്നതു പോയിട്ട് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പോലും ഡി.എ.കെ സർക്കാർ തയ്യാറായില്ല. ഒരു പാർട്ടിയുടെ പ്രധാന നേതാവിനെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്ന് പറയുന്ന എം.കെ. സ്റ്റാലിൻ പയറ്റുന്നത് മറ്റൊരു രാഷ്ട്രീയ തന്ത്രം കൂടിയാണ്. നിയമപരമായി വിജയ്ക്കെതിരെ കേസെടുക്കുന്നതിൽ തടസമൊന്നുമില്ല. റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണെങ്കിലും കേസെടുത്തത് സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി. നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെയാണ്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ മതിയഴകനെ മാത്രമാണ് അറസ്റ്റു ചെയ്തത്. പിന്നീട് യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്ത ടി.വി.കെ. നേതാവ് ആധവ് അർജ്ജുനയ്ക്കെതിരെയും കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. നേതാക്കളെ അറസ്റ്റു ചെയ്യുന്നതിനെതിരെ വീഡിയോ സന്ദേശത്തിലൂടെ വിജയ് പ്രസ്താവന നടത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ വിജയ്യുടെ അറസ്റ്റ് വൻതിരിച്ചടിയാകുമെന്ന് ഡി.എം.കെ സർക്കാർ ഭയപ്പെടുന്നുവെന്നത് നേര്. കാറ്റ് എങ്ങോട്ടു വീശുമെന്നറിഞ്ഞ ശേഷം മതി നിലപാട്. സർക്കാർ പക്വതയോടെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് തെളിയിക്കാനാണ് സ്റ്റാലിന്റെ ശ്രമം. മറ്റ് നേതാക്കളുടെ പരസ്യ അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹം വിലക്കിയിരുന്നു. നിയമസഭയിൽ ഇതുസംബന്ധിച്ച് സംസാരിച്ചപ്പോൾ ടി.വി.കെ നേതാവ് ഏഴുമണിക്കൂർ വൈകിയതാണ് ദുരന്തത്തിന് പ്രധാനകാരണമെന്നാണ് സ്റ്റാലിൻ പറഞ്ഞത്. പക്ഷെ, അവിടെ വിജയ്യുടെ പേര് പരാമർശിച്ചില്ല.
ടി.വി.കെയെ ഒപ്പം
നിറുത്താൻ ബി.ജെ.പി
ദുരന്തത്തെക്കുറിച്ച് പഠിക്കാൻ കരൂരിൽ ഹേമമാലിനിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സംഘവും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനും എത്തിയിരുന്നു. നിർമ്മലാ സീതാരാമൻ രാഷ്ട്രീയ പ്രതികരണങ്ങളൊന്നും നടത്തിയില്ലെങ്കിലും എൻ.ഡി.എ സംഘം സംസ്ഥാന സർക്കാരിനെതിരെ തിരിഞ്ഞു. പിന്നീട് കരൂർ കേസന്വേഷണത്തിൽ ബി.ജെ.പിയുടെ ആവശ്യവും ടി.വി.കെയുടെ ആവശ്യവും ഒന്നാകുന്നതാണ് കണ്ടത്. രണ്ടുപേരും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സുപ്രീകോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് ഹേമമാലിനി ആവശ്യപ്പെട്ടത്. ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു.
കരൂർ ദുരന്തത്തിനു ശേഷം വിജയ്യെ ഒപ്പം നിറുത്താനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിച്ചത്. അതിൽ ബി.ജെ.പി ജയിച്ചുവെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഡി.എം.കെ രാഷ്ട്രീയ ശത്രുവും ബി.ജെ.പി പ്രത്യയശാസ്ത്ര ശത്രുവുമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ വിജയ് ബി.ജെ.പിയുമായി എങ്ങനെ ബാന്ധവം നടത്തുമെന്ന് കണ്ടറിയണം. എല്ലാം മറന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ ഡി.എം.കെയെ തറപ്പറ്റിക്കാമെന്നാണ് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിജയ്യോട് പറഞ്ഞത്. അതിനുശേഷം നടക്കുന്ന എടപ്പാടിയുടെ രാഷ്ട്രീയ റാലികളിൽ ടി.വി.കെ പ്രവർത്തകർ പാർട്ടി പതാകകളുമായി എത്തുന്നുവെന്നാണ് എടപ്പാടി അവകാശപ്പെടുന്നത്.
വിജയ്യുടെ നീക്കമെന്തായാലും അദ്ദേഹത്തെ 'സംഘി"യാക്കാനുള്ള ശ്രമം ഡി.എം.കെയുടെ സോഷ്യൽ മീഡിയ വിഭാഗം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആർ.എസ്.എസ് വേഷത്തിൽ ചോരയിൽ നനഞ്ഞു നിൽക്കുന്ന പോസ്റ്റർ ഡി.എം.കെ പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡി.എം.കെയുടെ വിമർശനം. കരൂർ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നുമാണ് പരിഹാസം. വിജയ്യെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിന് ഇനിയും സമയമുണ്ട്. 41 പേർ മരിച്ചിട്ടും വിജയ്ക്കെതിരെ ശക്തമായ പ്രത്യക്ഷ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല. കരൂരിൽ പോലും വിജയ്ക്കെതിരെ വൻപ്രതിഷേധമൊന്നും ഉണ്ടാകുന്നില്ലെന്നത് മറ്റ് പാർട്ടികളെ അമ്പരിപ്പിക്കുന്നതാണ്. ശക്തമായ ആരാധക അടിത്തറയുള്ളതിനാൽ എന്തും സംഭവിക്കാം. ശരാശരി നിലവാരം പോലുമില്ലാത്ത വിജയ് പടങ്ങൾ തമിഴ്നാട്ടിൽ സൂപ്പർഹിറ്റാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |