ഓസീസിനെതിരായ പെർത്ത് ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
വിരാട്കൊഹ്‌ലി പൂജ്യത്തിനും രോഹിത് ശർമ എട്ട് റൺസിനും പുറത്ത്
പെർത്ത്: മാറി മാറി മഴപെയ്തിറങ്ങിയ പെർത്തിലെ പിച്ചിൽ ഇന്ത്യയുടെ കണ്ണുനീർ. ഇന്നലെ നടന്ന ആദ്യ ഏകദിനത്തിൽ മഴനിയമത്തിന്റെ അകമ്പടിയോടെ ഏഴുവിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇതോടെ ആതിഥേയർ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടക്കും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് പലതവണ മഴ തടസപ്പെടുത്തിയിരുന്നു. തുടങ്ങാൻ വൈകിയപ്പോൾ 49 ഓവറായും ഇടയ്ക്ക് മഴവന്നപ്പോൾ 35 ഓവറായും പിന്നെ 32 ോവറായും ഒടുവിൽ 26 ഓവറായി കളി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യ 136/6 എന്ന സ്കോറിൽ ഒതുങ്ങി. ഓസീസ് 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മഴയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരായ രോഹിത് ശർമ്മ(8),വിരാട് കൊഹ്‌ലി (0), ശുഭ്മാൻ ഗിൽ (10) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ക്യാപ്ടൻസി നഷ്ടമായശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് 14 പന്തുകൾ നേരിട്ട് ഒരു ഫോറടക്കം എട്ടുറൺസടിച്ചശേഷം ഹേസൽവുഡിന്റെ പന്തിൽ സെക്കൻഡ് സ്ളിപ്പിൽ റെൻഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു. പകരമെത്തിയ വിരാട് സ്കോർബോർഡ് തുറക്കാനാകാതെ നേരിട്ട എട്ടാമത്തെപന്തിൽ കൊനോളിക്ക് പിടികൊടുക്കുകയായിരുന്നു. സ്റ്റാർക്ക് ആയിരുന്നു ബൗളർ. ഏഴാം ഓവറിലാണ് വിരാട് മടങ്ങിയത്. ഒൻപതാം ഓവറിൽ ഗില്ലും പുറത്തായി. എല്ലിസിന്റെ പന്തിൽ കീപ്പർ ഫിലിപ്പെയ്ക്ക് ക്യാച്ച് നൽകിയാണ് ഇന്ത്യൻ ക്യാപ്ടൻ മടങ്ങിയത്.ഈ ഓവറിൽ 25/3ൽ നിൽക്കുമ്പോൾ മഴയെത്തി.
പിന്നീട് കളിപുനരാരംഭിച്ചപ്പോൾ ഉപനായകൻ ശ്രേയസ് അയ്യരെയും (11) ഹേസൽവുഡ് മടക്കി അയച്ചു. തുടർന്ന് കെ.എൽ രാഹുൽ (38), അക്ഷർ പട്ടേൽ (31) എന്നിവർ ചേർന്നാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ടീം സ്കോർ 84ലെത്തിയപ്പോൾ ക്യുനേമാൻ അക്ഷറിനെ പുറത്താക്കി. തുടർന്ന് വാഷിംഗ്ടൺ സുന്ദറിനെ (10)ക്കൂട്ടി രാഹുൽ 100 കടത്തി. 115ത്തെിയപ്പോൾ സുന്ദറും 121ൽ വച്ച് രാഹുലും മടങ്ങി. ഏകദിന അരങ്ങേറ്റം നടത്തിയ നിതീഷ് കുമാർ റെഡ്ഡി 19 റൺസുമായി പുറത്താകാതെ പൊരുതിയാണ് 136ലെത്തിച്ചത്. അതിനിടയിൽ ഹർഷിത് റാണയേയും (1), അർഷ്ദീപ് സിംഗിനെയും (0)കൂടി ഇന്ത്യയ്ക്ക് നഷ്ടമായി.
മഴ നിയമപ്രകാരം 131 റൺസ് ലക്ഷ്യവുമായാണ് ഓസീസ് ചേസിംഗിനിറങ്ങിയത്. രണ്ടാം ഓവറിൽ ട്രാവിസ് ഹെഡിനെ (8) അർഷ്ദീപും എട്ടാം ഓവറിൽ മാത്യു ഷോർട്ടിനെ(8) അക്ഷർ പട്ടേലും പുറത്താക്കിയെങ്കിലും ഓസീസിനെ വിരട്ടാൻ അത് മതിയാകുമായിരുന്നില്ല. ഓപ്പണറായിറങ്ങിയ നായകൻ മിച്ചൽ മാർഷും (46*) ജോഷ് ഫിലിപ്പെയും (37), മാറ്റ് റെൻഷായും (21*) ചേർന്ന് ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. മാർഷാണ് മാൻ ഒഫ് ദ മാച്ച്.
നിരാശയായി രോ-കൊ
ഇന്നലെ ഇന്ത്യൻ ആരാധകർ കാത്തിരുന്നത് ഇന്ത്യൻ കുപ്പായത്തിൽ വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും ഗംഭീര തിരിച്ചുവരവിനായിരുന്നു. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഇവർ ഇന്ത്യൻ ടീമിലെത്തിയത്. രോഹിത് ഗില്ലിനൊപ്പം ഓപ്പണിംഗിനിറങ്ങിയപ്പോൾ ഗാലറിയിലെ ഇന്ത്യൻ ആരാധകർ ആവേശഭരിതരായിരുന്നു. എന്നാൽ തുടക്കത്തിൽതന്നെ രോഹിതിനെ സ്റ്റാർക്കിന്റേയും ഹേസൽവുഡിന്റെയും പന്തുകൾ ബീറ്റ് ചെയ്തു. വൈകാതെ സ്ളിപ്പിൽ ക്യാച്ചുനൽകി. വിരാട് തുടക്കത്തിൽ ശ്രദ്ധിച്ചുകളിക്കാനാണ് ശ്രമിച്ചതെങ്കിലും അധികദൂരം മുന്നോട്ടുപോകാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |