തിരുവനന്തപുരം :ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. തീം സോംഗിന്റെ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവകുട്ടിയാണ് തീം സോംഗ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി പ്രഫുൽദാസ്.വിയാണ്.
തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി.പി.തങ്കച്ചിയാണ് സംഗീത സംവിധാനം. ശിവങ്കരിയെ കൂടാതെ കോട്ടൺഹില്ലിലെ വിദ്യാർത്ഥികളായ നവമി.ആർ.വിഷ്ണു, അനഘ.എസ്.നായർ, ലയ വില്യം, കീർത്തന.എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ.കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തിന്റെ ഗിറ്റാർ സുരേഷ് പരമേശ്വറും കീബോർഡ് ആൻഡ് മിക്‌സിംഗ് രാജീവ് ശിവയുമാണ്.സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൈപ്പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.ഐ.ബി സതീഷ് എം.എൽ.എ,പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ഡോ.എസ്.ചിത്ര, ഡി.ഡി ഗീത ഗോപിനാഥ്, സ്‌പോർട്സ് ഓർഗനൈസർ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.
കൗമാര കുതിപ്പിന്റെ ഒരാഴ്ച !
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 21ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്‌കൂൾ കായികമേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ ദീപശിഖ കൊളുത്തും. ഒക്‌ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. ഇരുപതിനായിരത്തിൽ അധികം കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കാനെത്തുക. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും. മൂവായിരത്തോളം കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമുണ്ടാകും. പുത്തരിക്കണ്ടം മൈതാനത്ത് ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിപുലമായ ഭക്ഷണശാല ഒരുങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനായി മറ്റു അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും ഭക്ഷണ കമിറ്റിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |