സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം : കഴിഞ്ഞ വർഷം കൊച്ചിയിൽ വിജയകരമായി പരീക്ഷിച്ച ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ രണ്ടാം പതിപ്പിന് നാളെ തലസ്ഥാനത്ത് തുടക്കമാകും. 28-ാം തീയതി വരെ തലസ്ഥാനഗരിയിലെ ഒരു ഡസൻ വേദികളിലായാലാണ് ഭിന്നശേഷി കുട്ടികളുടേത് ഉൾപ്പടെയുള്ള മത്സരങ്ങൾ അരങ്ങേറുന്നത്.
12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. 21ന് വൈകിട്ട് ഉദ്ഘാടനവും മാർച്ച് പാസ്റ്റും
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി.ഇവിടെ ജർമൻ ഹാംഗർ പന്തലിൽ താത്ക്കാലിക സ്റ്റേഡിയങ്ങൾ ഒരുക്കുന്നത് അന്തിമഘട്ടത്തിലാണ്.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി രക്ഷാധികാരിയും പൊതുവിതരണ മന്ത്രി ജി.ആർ അനിൽ ചെയർമാനുമായുള്ള സംഘാടക സമിതിയും വിവിധ ജനപ്രതിനിധികളും അദ്ധ്യാപക സംഘടനാനേതാക്കളും നേതൃത്വം നൽകുന്ന സബ് കമ്മറ്റികളും കായിക മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.
20000 മത്സരാർത്ഥികൾ
ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷികുട്ടികൾ ഉൾപ്പടെ ഇരുപതിനായിരത്തോളം മത്സരാർത്ഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇവർക്കൊപ്പം മേള നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യലുകൾ, മുന്നൂറ്റി അൻപതോളം സിലക്ടർമാർ, 200 സാങ്കേതിക വിദഗ്ധർ രണ്ടായിരത്തോളം , വാളണ്ടിയർമാർ എന്നിവരുമുണ്ടാകും. നഗരത്തിലെ 75 സ്കൂളുകളിൽ കുട്ടികൾക്ക് താമസ സൗകര്യമൊരുക്കും. ഗതാഗതത്തിന് 200 ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെപ്പോലെ യു.എ.ഇയിലെ സ്കൂളുകളിൽ നിന്ന് ഇക്കുറിയും കായികതാരങ്ങൾ പങ്കെടുക്കാനെത്തും. കഴിഞ്ഞവർഷം ആൺകുട്ടികൾ മാത്രമായിരുന്നെങ്കിൽ ഇക്കുറി പെൺകുട്ടികളുമുണ്ടാകും.
കളരി മത്സര ഇനം
അത്‌ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് തുടങ്ങിയ സ്ഥിരം കായിക ഇനങ്ങൾക്കൊപ്പം ഇക്കുറി കളരിപ്പയറ്റും മത്സര ഇനമാക്കുന്നുണ്ട്. അണ്ടർ -17,19 ഏജ് കാറ്റഗറികളിലാണ് കളരിപ്പയറ്റ് ഉൾപ്പെടുത്തുന്നത്. യോഗയും ഫെൻസിംഗും കൂടുതൽ ഏജ് കാറ്റഗറികളിൽ ഉണ്ടാകും.ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് ബോക്ചേ എന്ന ഗെയിമും പുതുതായി ഉൾപ്പെടുത്തും.
12 വേദികൾ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
യൂണിവേഴ്സിറ്റി സ്റ്റേഡിയം
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം
ട്രിവാൻഡ്രം ടെന്നിസ് ക്ളബ്
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്
മൈലം ജി.വി രാജ സ്കൂൾ
പിരപ്പൻകോട് അക്വാട്ടിക് സ്റ്റേഡിയം
കാലടി വോളിബാൾ ഗ്രൗണ്ട്
വെള്ളായണി കാർഷിക കോളേജ് സ്റ്റേഡിയം,
മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട്,
തുമ്പ സെന്റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ട്
ഭക്ഷണപ്പുര
തൈക്കാട് തൈക്കാട് പൊലീസ് ഗ്രൗണ്ടിലാകും കായികമേളയുടെ മുഖ്യഭക്ഷണ പന്തൽ. പിരപ്പൻകോട്, തുമ്പ, കാലടി,മൈലം എന്നിവിടങ്ങളിലും ഭക്ഷണം പാകം ചെയ്ത് അതത് മത്സരവേദികളിലെ കുട്ടികൾക്ക് എത്തിക്കാനുള്ള സൗകര്യമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |