തിരുവനന്തപുരം: തമ്പാനൂരിൽ മദ്യപിച്ച് കാറോടിച്ച് രണ്ട് വാഹനങ്ങൾ ഇടിച്ചിട്ടശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവൻകോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന ചെറിയതുറ ടി.സി 34/1060ൽ റോബിൻ ജോണിനെയാണ് (32) അറസ്റ്റ് ചെയ്തത്. തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച റോബിനെ തമ്പാനൂർ എസ്.ഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കീഴ്പ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ബാറിൽനിന്ന് മദ്യപിച്ചശേഷം കാറോടിച്ച് ഇറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനത്തിലും ഇടിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടായി. ബൈക്ക് യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ അടക്കമുള്ളവർ രംഗത്തെത്തിയതോടെ റോബിൻ കൈയിലുണ്ടായിരുന്ന എയർ റിവോൾവറെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആളുകൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് റോബിനെ കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ലൈസൻസ് ഇതുവരെ ഹാജരാക്കിയിട്ടില്ല. റിവോൾവറിൽ മൂന്ന് ബുള്ളറ്റുകളുണ്ടായിരുന്നു. റോബിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |