ദുബായ്: ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് അവിശ്വസനീയമായ ഓഫറുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഇന്ത്യയിലേക്കുള്ള ഓരോ യാത്രക്കാർക്കും ഒരു ദിർഹം ( ഏകദേശം 24 രൂപ) നൽകിയാൽ പത്ത് കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്നതാണ് ഈ ഓഫർ. 2025 നവംബർ 30 വരെ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഇതിനായി ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ ഓഫർ ലഭ്യമാണ്. ഒക്‌ടോബർ 31ന് ശേഷം ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുന്നതല്ല. അവധിക്കാലക്ക് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികൾക്കെല്ലാം ഏറെ സൗകര്യപ്രദമായിരിക്കുംവിധമാണ് ഈ ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.
അവധിക്കാലത്ത് നാട്ടിലേക്ക് പോകുമ്പോൾ പ്രിയപ്പെട്ടവർക്കായി പ്രവാസികൾ ധാരാളം സമ്മാനങ്ങൾ കൊണ്ടുപോകാറുണ്ട്. ഇതിന് കൂടുതൽ സൗകര്യമൊരുക്കാനാണ് ഈ ഓഫറെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലാ മാനേജർ പിപി സിംഗ് പറഞ്ഞു.
ദുബായ്, ഷാർജ, അബുദാബി, മസ്‌കറ്റ്, ദമാം, ദോഹ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഇന്ത്യയിലെ ഇരുപതിലധികം നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്. ദീപാവലി, ക്രിസ്‌മസ് എന്നീ ആഘോഷങ്ങൾ അടുത്തിരിക്കുന്നതിനാൽ ഈ ഓഫർ പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |