വാട്‌സ്ആപ്പ് സ്‌പാമിനും അനാവശ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മെറ്റാ കമ്പനി. മറുപടി നൽകാത്ത ആളുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും അയയ്ക്കാൻ കഴിയുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സാധാരണ ആശയവിനമയത്തെ ബാധിക്കാതെ സ്‌പാം സന്ദേശങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യ ഉൾപ്പെടെ 500 മില്യണിലധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ബ്രോഡ്കാസ്റ്റ് മെസേജ് പരിധി കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ മാറ്റം. പല രാജ്യങ്ങളിലായി ആരംഭിച്ച പരീക്ഷണം ഉടൻ തന്നെ ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
പുതിയ പരീക്ഷണത്തിലൂടെ വാട്‌സ്ആപ്പിൽ നിന്ന് നിശ്ചിത എണ്ണം സന്ദേശങ്ങൾ അയച്ചുകഴിഞ്ഞാൽ മറുപടി നൽകാത്ത സ്വീകർത്താക്കൾക്ക് കൂടുതൽ സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താവിനെയോ ബിസിനസ് അക്കൗണ്ടിനെയോ തടയും. മറുപടി നൽകാത്ത ആർക്കെങ്കിലും അയക്കുന്ന ഓരോ സന്ദേശവും ഈ പരിധിയിലേക്ക് കണക്കാക്കും. ഇത് വ്യക്തിഗത സന്ദേശങ്ങളോ മാർക്കറ്റിംഗ് സന്ദേശങ്ങളോ വിവരങ്ങൾ നൽകുന്ന സന്ദേശങ്ങളോ ആകാം.
കൃത്യമായ പരിധി എത്രയായിരിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കാരണം പല വിപണികളിലും വ്യത്യസ്തമായ പരിധികളാണ് നിലവിൽ പരീക്ഷിക്കുന്നത്. ലിമിറ്റ് കഴിഞ്ഞാൽ അക്കൗണ്ടുകൾക്ക് വാട്‌സ്ആപ്പ് ഒരു ബാനറോ, പോപ്പ്-അപ്പോ നൽകി മുന്നറിയിപ്പ് നൽകും. പെട്ടെന്നുള്ള പണിമുടക്ക് ഒഴിവാക്കാനാണിത്. കൂടുതൽ ആളുകളിലേക്ക് സന്ദേശങ്ങൾ വൻതോതിൽ അയക്കുന്നവരെയും ബിസിനസ് അക്കൗണ്ടുകളെയും നിയന്ത്രിക്കാനാണ് വാട്‌സ്ആപ്പ് ഇങ്ങനെയൊരു കാര്യം നടപ്പിലാക്കുന്നത്.
നമ്മൾ സ്ഥിരമായി ആശയവിനിമയം നടത്തുന്ന കോൺടാക്റ്റുകൾക്ക് ഈ നിയമം ബാധകമല്ല. പതിവായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നവർക്കാണ് ബാധകമല്ലാത്തത്. അജ്ഞാത നമ്പറുകളിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ അയക്കുന്നവരും സമ്മതമില്ലാതെ വിവരങ്ങൾ കൈമാറുന്നവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
കൂടുതൽ സന്ദേശങ്ങൾ ഒറ്റയടിക്ക് അയച്ച് മാർക്കറ്റിംഗ് നടത്തുന്ന ബിസിനസുകാർക്ക് വലിയ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ഇതേ തുടർന്ന് ബിസിനസുകളും അവരുടെ കാമ്പെയ്‌നുകളും പുനഃക്രമീകരിക്കേണ്ടിവരും. അല്ലെങ്കിൽ തുടർന്നുള്ള സന്ദേശങ്ങൾ പരിധിയിൽ വരാതിരിക്കാൻ സ്വീകർത്താക്കളിൽ നിന്ന് വേഗത്തിൽ അംഗീകാരം ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റിയെടുക്കേണ്ടി വരും. വാട്സ്ആപ്പിന്റെ മുന്നറിയിപ്പ് അവഗണിക്കുന്ന അക്കൗണ്ടുകൾക്കും മറുപടി നൽകാത്ത സ്വീകർത്താക്കൾക്കും സന്ദേശം അയക്കുന്നതിൽ താൽക്കാലിക വിലക്ക് നേരിടേണ്ടി വന്നേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |