ജി.എസ്.ടിയിലെ കുറവും ആനുകൂല്യങ്ങളും തുണയായി
ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവ വ്യാപാരം
ദീപാവലി വിൽപ്പന 6.05 ലക്ഷം കോടി രൂപ കവിഞ്ഞു
കൊച്ചി: ഇത്തവണത്തെ ദീപാവലി ഉത്സവ കാലത്ത് രാജ്യത്ത് റെക്കാഡ് കച്ചവടം ദൃശ്യമായി. മൊത്തം 6.05 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയൊട്ടാകെ ഇത്തവണ ദീപാവലി ദിനങ്ങളിലുണ്ടായതെന്ന് കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ(സി.എ.ഐ.ടി) റിപ്പോർട്ടിൽ പറയുന്നു. 5.40 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളും 65,000 കോടി രൂപയുടെ സേവനങ്ങളുമാണ് ഉപഭോക്താക്കൾ ഇക്കാലത്ത് വാങ്ങിയത്. മുൻവർഷം ദീപാവലി കാലത്തെ 4.25 ലക്ഷം കോടി രൂപയുടെ വ്യാപാരത്തേക്കാൾ 25 ശതമാനം വർദ്ധനയുണ്ട്.
സ്വദേശി ഉത്പന്നങ്ങൾ വാങ്ങണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പൊതുജനങ്ങൾ ഏറ്റെടുത്തുവെന്നാണ് വ്യക്തമാകുന്നതെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൽ പറഞ്ഞു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലെയും ചെറുകിട നഗരങ്ങളിലെയും 60 പ്രധാന വിതരണ കേന്ദ്രങ്ങളിലെ കണക്കുകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പാദരക്ഷകൾ, തുണിത്തരങ്ങൾ, പലഹാരങ്ങൾ, ഹോം ഡെകോർ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായി.
ജി.എസ്.ടി ഇളവ് കരുത്തായി
ചരക്ക് സേവന നികുതി(ജി.എസ്.ടി) പരിഷ്‌കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞതാണ് ഉപഭോക്താക്കൾക്ക് ആവേശം പകർന്നതെന്ന് സി.എ.ഐ.ടി പ്രസിഡന്റ് ബി.സി ഭാട്ടിയ പറഞ്ഞു. പാക്കേജിംഗ്, ഹാേസ്‌പിറ്റാലിറ്റി, കാബുകൾ, വിനോദ സഞ്ചാരം തുടങ്ങിയ സേവനങ്ങളിലും മികച്ച വളർച്ച ദൃശ്യമായി.
വിവിധ മേഖലയിലെ വ്യാപാര വിഹിതം
എഫ്.എം സി.ജിി : 12 ശതമാനം
സ്വർണാഭരണങ്ങൾ: 10 ശതമാനം
ഇലക്ട്രോണിക്‌സ് : 8 ശതമാനം
കൺസ്യൂമർ ഡ്യൂറബിൾസ്: 7 ശതമാനം
പേയ്‌മെന്റിൽ യു.പി.എ തന്നെ താരം
തത്സമയ പേയ്മെന്റ് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) ഉപയോഗത്തിൽ ഇത്തവണത്തെ ദീപാവലി കാലയളവിൽ വൻ കുതിപ്പുണ്ടായി. യു.പി.ഐ ഇടപാടുകളുടെ എണ്ണം ഇത്തവണ 30 ശതമാനം വർദ്ധിച്ചെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിന യു.പി.ഐ ഇടപാടുകളുടെ എണ്ണം 73.7 കോടിയായി ഉയർന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലും മികച്ച വളർച്ചയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |