നെടുങ്കണ്ടം: ഏലം പട്ടയഭൂമിയിൽ ഒരു നിർമ്മാണങ്ങൾക്കും അനുമതി നൽകാൻ പാടില്ലന്ന ഒന്നാം പിണറായി സർക്കാരിന്റെ 2019 നവംബർ 19 ലെ ഉത്തരവ് കാരണം 69 കുടുംബങ്ങൾക്ക് വീട് പണിയാൻ അനുമതി ലഭിക്കുന്നില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. ആറ് ഗ്രാമപഞ്ചായത്തുകളിലായി പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിലുള്ള 69 കുടുംബങ്ങൾക്കാണ് ഈ ഉത്തരവ് മൂലം എൻ.ഒ.സി ലഭിക്കാതെ വീട് പണിയാൻ കഴിയാതെ പോയത്. ഇതിൽ ഭൂരിപക്ഷം കുടുംബങ്ങളും ഉടുമ്പൻചോല താലൂക്കിലാണ്. എം.എം. മണി മന്ത്രിയായിരുന്ന കാലയളവിൽ ഇറക്കിയ ഈ ഉത്തരവ് പിൻവലിക്കാൻ മന്ത്രിയടക്കമുള്ള ജില്ലയിലെ ഇടതുപക്ഷ ജനപ്രതിനിധികളും നേതാക്കളും ആവശ്യമുന്നയിക്കത്തത് ദുരൂഹമാണ്. ഈ നിയന്ത്രണമുള്ളപ്പോൾ തന്നെ സമാന സ്വഭാവത്തിലുള്ള ഭൂമിയിൽ ഭരണകക്ഷി നേതാക്കൾക്ക് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ ഒരു തടസവും നേരിടുന്നില്ല. ഈ ഉത്തരവുകളെല്ലാം ബാധിക്കുന്നത് ജില്ലയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെയുമാണ്. മറ്റൊരിടത്തും ഭൂമിയില്ലാത്തവരാണ് ഈ 69 കുടുംബങ്ങളും. ഭൂ പതിവ് നിയമം ലംഘിച്ചുള്ള നിർമാണം പാടില്ലെന്ന 2019 ഓഗസ്റ്റ് 22 ലെ ഉത്തരവിന് ശേഷമാണ് ഏലം പട്ടയഭൂമിയിൽ ഒരു നിർമ്മാണത്തിനും അനുമതി നൽകേണ്ടതില്ലന്ന് സർക്കാർ തീരുമാനിക്കുന്നത്. ഏലം പട്ടയഭൂമിയിൽ സമ്പൂർണ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ ഈ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, മണ്ഡലം പ്രസിഡന്റുമാരായ എം.എസ്. മഹേശ്വരൻ, രാജേഷ് ജോസഫ്, ഡി.സി.സി മെമ്പർ കെ ആർ രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു.
എൻ.ഒ.സി ലഭിക്കാത്ത കുടുംബങ്ങൾ പഞ്ചായത്ത് തിരിച്ച്
വാത്തികുടി- 2
നെടുംകണ്ടം- 5
ശാന്തൻപാറ- 1
ഉടുമ്പഞ്ചോല- 35
രാജാക്കാട്- 2
ബൈസൺബാലി- 24
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |