ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച് സനേയ് തകൈചി. മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രധാനമന്ത്രി എത്തുന്നത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽ.ഡി.പി) നിന്ന് അഞ്ച് വർഷത്തിനിടെയുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി സ്ഥാനവും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനവും ഒരേസമയം വഹിക്കുന്ന ആദ്യ വനിതാ നേതാവുമാണ് തകൈച്ചി.
465 സീറ്റുകളുള്ള ലോവർ ഹൗസിൽ 237 വോട്ടുകൾ നേടി മൂന്നാമത്തെ ശ്രമത്തിലാണ് ജയം.
അഞ്ച് സ്ഥാനാർത്ഥികളിൽ ഏക വനിതയായിരുന്നു തകൈചി. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായിയായ ഇവർ, ചൈനയുടെ കടുത്ത വിമർശകയുമാണ്. മുൻ ആഭ്യന്തര മന്ത്രിയായിരുന്നു. സഹമന്ത്രി പദങ്ങളും വഹിച്ചിട്ടുണ്ട്.
മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ, യു.എസുമായുള്ള ബന്ധത്തിലെ വിള്ളൽ, ആഭ്യന്തര സംഘർഷങ്ങളും അഴിമതികളും തുടങ്ങി ജപ്പാൻ പ്രധാന വെല്ലുവിളികൾ നേരിടുന്ന സമയത്താണ് തകൈചി ചുമതലയേറ്റെടുക്കുന്നത്.
ജപ്പാനിലെ നാരയിൽ 1961ൽ ജനനം
കോബെ സർവകലാശാലയിൽ നിന്ന് ബിരുദം
1993ൽ ജനപ്രതിനിധിസഭയിലേക്ക് സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ടു
1996ൽ എൽ.ഡി.പിയിൽ
ഹെവി മെറ്റൽ ബാൻഡിൽ ഡ്രമ്മർ. എഴുത്തുകാരി, ചാനൽ അവതാരക എന്നീ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടു
നിയമങ്ങൾ ലംഘിക്കുന്ന സന്ദർശകർക്കും കുടിയേറ്റക്കാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് വാഗ്ദാനം
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ആരാധിക
സ്വവർഗ വിവാഹത്തിന് എതിര്
ആശംസ അറിയിച്ച് മോദി
സനേയ് തകൈചിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ ആഗോള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മോദി വ്യക്തമാക്കി. ഇന്തോ - പസഫിക് മേഖലയിലും അതിനപ്പുറവുമുള്ള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |