
തിരുവനന്തപുരം: ജോലി കഴിഞ്ഞ് കുളത്തൂരിലെ ഹോസ്റ്റലിലേക്ക് മടങ്ങുകയാണ് ടെക്നോപാർക്കിലെ ജീവനക്കാരികൾ. കൈയിൽ ഫ്ലാഷ് ലൈറ്റിട്ട ഫോൺ മുറുകെപ്പിടിച്ചിട്ടുണ്ട്. കെട്ടിടം പണിക്കെത്തിയ ചില അന്യസംസ്ഥാന തൊഴിലാളികളൊഴിച്ചാൽ രാത്രി 7.30നും വഴിയാകെ വിജനം. ഐ.ടി നഗരത്തിൽ ടെക്കികൾ ആശങ്കയിലാണ്.
നഗരത്തിന്റെ ഒരുഭാഗത്ത് നൈറ്റ് ലൈഫ് ആഘോഷം പൊടിപൊടിക്കുമ്പോൾ, ടെക്നോപാർക്ക് പരിസരത്ത് ടെക്കികൾക്ക് രാത്രി താമസസ്ഥലത്തുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. ഇതാദ്യമായല്ല പ്രദേശത്ത് സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത്. പ്രശ്നം വരുമ്പോൾ കുറച്ചുദിവസത്തേക്ക് മാത്രം പട്രോളിംഗ് ശക്തമാക്കുകയാണ് പൊലീസിന്റെ രീതിയെന്ന് ജീവനക്കാർ ആരോപിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി പാർക്കായ ടെക്നോപാർക്കിലെത്താൻ പ്രധാന റോഡിന് പുറമേ, അനവധി ഇടറോഡുകളുണ്ട്. കാടുപിടിച്ച് കിടക്കുന്ന റോഡുകളിൽ പല ദിവസങ്ങളിലും തെരുവുവിളക്കുകൾ കത്താറില്ല. കഴക്കൂട്ടം,കുളത്തൂർ,ശ്രീകാര്യം എന്നിവിടങ്ങളിലാണ് ടെക്നോപാർക്കിലെ ജീവനക്കാരിലധികവും താമസിക്കുന്നത്. തിരുവനന്തപുരത്തു തന്നെ ദൂരപ്രദേശങ്ങളിലുള്ളവരും അന്യജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
ഹോസ്റ്റൽ,പിജി,വാടക വീടുകൾ,അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഹോസ്റ്റലുകളിലാണ് സുരക്ഷാസംവിധാനങ്ങൾ ഒട്ടുമില്ലാത്തത്. സി.സി ടിവി ക്യാമറകൾ ഉണ്ടെങ്കിലും പലതും പ്രവർത്തിക്കാറില്ല. പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ പല സമയങ്ങളിലായാണ് റൂമിലെത്തുന്നത്. ഇതുകാരണമാണ് ഹോസ്റ്റൽ വാതിലുകൾ പലപ്പോഴും അടയ്ക്കാതെ കിടക്കുന്നത്. മറ്റ് ജില്ലക്കാർക്ക് തിരുവനന്തപുരത്തെ വഴികൾ പരിചിതമല്ലാത്തതും പ്രശ്‌നമാണ്. ലൈസൻസില്ലാത്ത പിജി സ്ഥാപനങ്ങൾ ടെക്നോപാർക്കിന് വളരെയടുത്താണ് റൂമെന്ന് ധരിപ്പിച്ച് ഇവരിൽ നിന്നും അഡ്വാൻസ് വാങ്ങും. എന്നാൽ കിലോമീറ്ററുകൾ അകലെയായിരിക്കും താമസസ്ഥലം. അപൂർവം ചില വാടകവീടുകളിൽ മാത്രമാണ് വളർത്തുനായ്ക്കളുടെ സംരക്ഷണമുള്ളത്.
പ്രശ്‌നം ഷിഫ്റ്റല്ല
ടെക്നോപാർക്കിലെ 500ഓളം കമ്പനികളിലെ 75,000 ജീവനക്കാരിൽ 40 ശതമാനത്തോളം വനിതകളാണ്. രാത്രി ഷിഫ്റ്റിൽ ഉൾപ്പെടെയാണ് ഇവർ പ്രവർത്തിക്കുന്നത്. എന്നാൽ പ്രദേശത്ത് സുരക്ഷയില്ലാത്തതുകാരണം രാത്രി ഷിഫ്റ്റുകൾ പലരും ഭയക്കുന്നു. രാത്രിയിലുള്ള കമ്പനി ആഘോഷങ്ങളിൽ നിന്നും പലരും ഇക്കാരണം കൊണ്ട് വിട്ടുനിൽക്കേണ്ട അവസ്ഥയാണ്. കമ്പനികൾ ജീവനക്കാർക്ക് ചില വ്യവസ്ഥകൾക്കനുസരിച്ചാവും ക്യാബ് സൗകര്യം നൽകുന്നത്. എല്ലാവർക്കും ക്യാബ് ലഭിക്കണമെന്നില്ല. ഓട്ടോകളുടെ അമിത ചാർജ് ഭയന്ന് ഇവർ നടന്നുപോകുകയാണ് ചെയ്യുന്നത്.
എയ്ഡ് പോസ്റ്റ് വേണം
ശ്രീകാര്യം,കഴക്കൂട്ടം,തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോസ്റ്റലുകളിലാണ് ജീവനക്കാരിലധികവും താമസിക്കുന്നതെങ്കിലും രാത്രി പട്രോളിംഗ് കാര്യക്ഷമമല്ല. ടെക്നോപാർക്കിന് തൊട്ടടുത്തായി പൊലീസ് എയ്ഡ്പോസ്റ്റെങ്കിലും സ്ഥാപിച്ചെങ്കിൽ നിരീക്ഷണം കാര്യക്ഷമമായേനെ. ഹൈവേയിൽ പട്രോളിംഗ് ഉണ്ടെങ്കിലും ഇടറോഡുകൾ ആരും തിരിഞ്ഞുനോക്കാറില്ല. പലതവണ ഹോസ്റ്രലിൽ നിന്നും തുണിയും പണവുമൊക്കെ മോഷണം പോയിട്ടുണ്ട്.
''
തെരുവ് വിളക്കുകളില്ലാത്തതാണ് മുഖ്യപ്രശ്നം.
ഒറ്റയ്ക്ക് നടക്കുന്നത് ഒട്ടും സുരക്ഷിതമല്ല.
അഭിരാമി,ടെക്നോപാർക്ക് ജീവനക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |