വാഷിംഗ്‌ടൺ: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ട്രംപ് മോദിയുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
'പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, ഞങ്ങൾക്കിടയിൽ വളരെ നല്ല ബന്ധമാണുള്ളത്. അദ്ദേഹം റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങാൻ പോകുന്നില്ല. എന്നെപ്പോലെ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാൽ അവർ എണ്ണ വാങ്ങുന്നത് വളരെ കുറച്ചു. വീണ്ടും വെട്ടിക്കുറയ്ക്കുന്നത് തുടരും' - ട്രംപ് പറഞ്ഞു.
എന്നാൽ റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട നിലവിലെ വാങ്ങൽ കരാറുകൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ, റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ എണ്ണ, ഉയർന്ന ആഭ്യന്തര ഊർജ ആവശ്യകതകൾ നിറവേറ്റുന്നതിൽ ഇന്ത്യക്ക് നിർണായകമാണ്.
ബുധനാഴ്ച മോദി ട്രംപിനെ ഫോണിൽ വിളിച്ച് ദീപാവലി ആശംസയും നന്ദിയും അറിയിച്ചിരുന്നു. എന്നാൽ ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായുള്ള യുഎസിന്റെ വ്യാപാരക്കരാറിനെക്കുറിച്ചും ട്രംപ് മാദ്ധ്യമങ്ങളോട് സംസാരിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാർ പരാജയപ്പട്ടാൽ ചൈനീസ് ഇറക്കുമതിക്ക് 155 ശതമാനം വരെ തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |