റെയിൽവേ ട്രാക്കുകളിൽ ചെറിയ മെറ്റൽ കല്ലുകൾ വിതറിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ട്രാക്കുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസരഭാഗങ്ങളിൽ വലിയ കൂമ്പാരമായി മെറ്റൽ കല്ലുകൾ ഇറക്കിയിട്ടിരിക്കുന്നത് സ്ഥിരകാഴ്ചയാണ്. ഈ കല്ലുകൾ റെയിൽവേ ട്രാക്കുകളിൽ വിതറുന്നത് എന്തിനാണെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. 'ട്രാക്ക് ബാലസ്‌റ്റ്' എന്ന് അറിയപ്പെടുന്ന ഇവ റെയിൽവേ ട്രാക്കുകളുടെ നിർമ്മാണത്തിൽ ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ്.
ട്രാക്കുകളുടെ ബാലൻസ് നിലനിർത്തുന്നു
ചെറിയ മെറ്റൽ കല്ലുകൾ റെയിൽവേ ട്രാക്കുകളിൽ ശക്തമായ ഒരു അടിത്തറയായി പ്രവർത്തിക്കുന്നു.ഈ അടിത്തറ ട്രയിനുകൾ കടന്നുപോകുമ്പോഴുള്ള ഭാരം ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ട്രാക്കുകൾ വളയാതിരിക്കാൻ ഇവ സംരക്ഷണം നൽകുന്നു. ട്രാക്കുകളിൽ ഒരു നിശ്ചിത അകലത്തിൽ പാകിയിരിക്കുന്ന ചതുരാകൃതിയിലുള്ള കോൺക്രീറ്റ്/തടിക്കഷ്ണങ്ങളെ തൽസ്ഥാനത്ത് ഉറപ്പിച്ച് നിർത്തുന്നതിനും ചെറിയ മെറ്റലുകൾ സഹായിക്കുന്നു. കടന്നുപോകുന്ന ട്രയിനുകളുടെ ഭാരത്താൽ റെയിൽവേ ട്രാക്കുകൾ ഭൂമിയിലേക്ക് പതിഞ്ഞു പോകുന്നത് കുറയ്ക്കുന്നതിനും ഇവയ്ക്ക് സാധിക്കും. ഇതിലൂടെ ട്രയിനുകൾ പാളം തെന്നിമാറുന്നത് ഉൾപ്പെടെയുള്ള അപകടങ്ങളെ തടയാൻ കഴിയുന്നു.
ട്രാക്കുകളിൽ മഴവെള്ളം തങ്ങില്ല
ഇന്ത്യയിലെ മൺസൂൺ, റെയിൽവേയ്ക്ക് അനുയോജ്യമല്ല. കല്ലുകൾക്കിടയിലെ വിടവുകളിലൂടെ മഴവെള്ളം എളുപ്പത്തിൽ ഭൂമിയിലേക്കിറങ്ങുന്നു, ഇത് വെള്ളക്കെട്ട് തടയാൻ സഹായിക്കുന്നു. കൂടാതെ ഇതിലൂടെ ട്രാക്കുകൾ തുരുമ്പെടുക്കാതെ സംരക്ഷിക്കുകയും ചെളി അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ചെലവേറിയ ഡ്രെയിനേജ് അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യയുടെ പ്രവചനാതീതമായ കാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും സമർത്ഥമായ മാർഗമാണിത്.
അപകടം കുറയ്ക്കുന്നു
അടുക്കിയിട്ടിരിക്കുന്ന കല്ലുകൾ തരംഗങ്ങൾ എളുപ്പത്തിൽ കൈമാറുന്നു. ഇത് അകലെ നിന്നും ട്രെയിൻ വരുന്നതായി സൂചന നൽകുകയും അപകടസാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. ഇത് കൈമാറ്റം ചെയ്യുന്ന തരംഗങ്ങളുടെ ശബ്ദം മയപ്പെടുത്താനുള്ള ഇവയുടെ കഴിവ് (ഷോക്ക്-അബ്സോർബിംഗ് ) യാത്രക്കാർക്കും റെയിൽവേയ്ക്ക് സമീപം താമസിക്കുന്നവർക്കും ട്രെയിന്റെ ശബ്ദം മൂലമുള്ള ബുദ്ധിമുട്ട് കുറയ്‌ക്കുന്നു.
സസ്യങ്ങളുടെ വളർച്ച തടയുന്നു
മണ്ണും ഈർപ്പവും നിലനിർത്താത്തതിനാൽ മെറ്റലുകൾക്കിടയിലൂടെ സസ്യങ്ങൾ വളരുന്നതിന് തടസമുണ്ടാകുന്നു. ഇത് മഴക്കാലത്തു പോലും ട്രാക്കുകളിൽ ചെടികൾ വളരുന്നത് തടയുകയും ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്നു.
ട്രാക്കിലെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു
വലിയ തടസ്സങ്ങളില്ലാതെ റെയിൽവേ ശൃംഖലയെ പരിപാലിക്കുന്നത് എഞ്ചിനീയർമാർക്ക് മെറ്റൽ കല്ലുകൾ സഹായിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ ട്രാക്ക് മാറ്റിസ്ഥാപിക്കുമ്പോഴോ കല്ലുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനും വൃത്തിയാക്കാനും വീണ്ടും ഉപയോഗിക്കാനും സാധിക്കുന്നു.റെയിലുകളുടെയും ഇടയിൽ പാകിയിരിക്കുന്ന കോൺക്രീറ്റ് കഷ്ണങ്ങളുടെയും ഉറപ്പ് പരിശോധിക്കേണ്ടി വരുന്ന അവസരങ്ങളിൽ മെറ്റലുകൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നു. ഇത് അമിത അദ്ധ്വാനവും അമിത സാമ്പത്തിക നഷ്ടവും തടയുന്നു.
.
ഇന്ത്യൻ റെയിൽവേ ട്രാക്കിലെ കല്ലുകൾ എത്ര തവണ മാറ്റിസ്ഥാപിക്കുന്നു?
ബാലസ്‌റ്റുകളായി ഉപയോഗിക്കുന്ന കല്ലുകൾ എല്ലാ കാലത്തും ഒരു പോലെ ഗുണം ചെയ്യില്ല. അവയിൽ ക്രമേണ അഴുക്ക് നിറയുമ്പോൾ വെള്ളം വാർന്നുപോകുന്നതും ഷോക്ക്-അബ്സോർബിംഗ് ഗുണങ്ങളും കുറയ്ക്കുന്നു. ഇന്ത്യയിൽ, റെയിൽവേ സാധാരണയായി ഓരോ 8 മുതൽ 10 വർഷം കൂടുമ്പോഴും ബാലസ്റ്റ് വൃത്തിയാക്കുകയോ പുതുക്കുകയോ ചെയ്യുന്നു, ഇത് റൂട്ടിന്റെ തിരക്കിനനുസരിച്ച് മാറുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന ട്രാക്കുകൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നു. അറ്റകുറ്റപ്പണി സമയത്ത്, പ്രത്യേക ട്രാക്ക്-ടാമ്പിംഗ് മെഷീനുകൾ ഉപയോഗിച്ച് പാളങ്ങൾ ഉയർത്തുന്നു, പഴയ കല്ലുകൾ നീക്കം ചെയ്ത് അവ വൃത്തിയാക്കുന്നു അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുന്നു, ട്രാക്കിന്റെ വിന്യാസം പുനഃസ്ഥാപിക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |